- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഓഗസ്റ്റോടെ കിട്ടാൻ സാധ്യത; മൂന്നാം ഘട്ട പരീക്ഷണങ്ങൾ ജൂണോടെ പൂർത്തിയാവും; രേഖകൾ ദ്രുതഗതിയിൽ സമർപ്പിക്കാൻ ഭാരത്ബയോടെക്കിന്റെയും കേന്ദ്രസർക്കാരിന്റെയും നീക്കം; 60 രാജ്യങ്ങളിൽ നിയന്ത്രിത അനുമതിക്കായി നടപടി
ന്യൂഡൽഹി: ഭാരത് ബയോടെകിന്റെ കോവാക്സിന് ഓഗസ്റ്റോടെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടാൻ സാധ്യത. നിർമ്മാണശാലയുടെ സൗകര്യങ്ങളടക്കം വിശദമായ രേഖകൾ കേന്ദ്രസർക്കാർ നിലവിൽ സമർപ്പിച്ചുവരികയാണ്. മൂന്നാംഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയതിന്റെ രേഖകളും സമർപ്പിക്കും. ജൂൺ മൂന്നാം വാരത്തോടെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകും.
ചൊവ്വാഴ്ച വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിങ്ള,ആരോഗ്യ-ബയോടെക്നോളജി വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം ഭാരത് ബയോടെകിലെ വി.കൃഷ്ണ മോഹൻ, സായി പ്രസാദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഏപ്രിലിലാണ് ലോകാരോഗ്യ സംഘടനയിൽ ഭാരത് ബയോടെക് ആദ്യംതാൽപര്യ പത്രം നൽകിയത്.
ഭാരത് ബയോടെക്കിന്റെ യൂണിറ്റുകളിലെ സന്ദർശനം അടക്കം ഡബ്ലുഎച്ച്ഒയുടെ അംഗീകാരം കിട്ടാൻ 60 ദിവസമെങ്കിലും എടുക്കും. തങ്ങളുടെ മറ്റുവാക്സിനുകൾക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയ പരിചയം, കണക്കിലെടുത്ത് കോവാക്സിനും അംഗീകാരം ലഭിക്കുമെന്നാണ് ഭാരത് ബയോടെക്കിന്റെ അവകാശവാദം.
കോവാക്സിൻ ഇതിനകം, രണ്ടുകോടി പേർക്ക് നൽകി കഴിഞ്ഞു. ബ്രസീൽ, ഹംഗറി എന്നീ രാജ്യങ്ങൾ വരും ആഴ്ചകളിൽ കോവാക്സിന് അനുമതി നൽകുമെന്നാണ് ഭാരത് ബയോടെക്കിന്റെ പ്രതീക്ഷ. യുഎസിൽ ചെറിയതോതിൽ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താനുള്ള അനുമതിക്കായി എഫ്ഡിഎയുമായി ചർച്ച നടത്തി വരികയാണ്. എഫ്ഡിഎ അംഗീകാരം കിട്ടായാൽ അത് ആഗോള അംഗീകാരത്തിലേക്കുള്ള വലിയ ചുവട് വയ്പാകും.
കോവാക്സിന് 11 രാജ്യങ്ങളുടെ നിയന്ത്രിത അംഗീകാരമുണ്ട്. സാങ്കേതിക വിദ്യാ കൈമാറ്റത്തിനും ഉത്പാദനത്തിനുമായി ഏഴ് രാജ്യങ്ങളിലെ 11 കമ്പനികളും താൽപര്യം പ്രകടിപ്പിച്ചിരുന്നു. കോവാക്സിന്റെ അനുമതി വൈകുന്നത് വിദേശ രാജ്യങ്ങളിലേക്ക് പ്രവേശനത്തിന് തടസ്സമായേക്കുമെന്ന വർത്തകൾക്കിടെയാണ് വിശദീകരണം.
60 രാജ്യങ്ങളിൽ നിയന്ത്രിത അനുമതിക്കായി നടപടി തുടങ്ങി. ഭൂരിഭാഗം രാജ്യങ്ങളിലും വാക്സിൻ എടുക്കാത്തവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമെന്നും, ഡബ്ല്യു എച്ച് ഒ അനുമതി ജൂലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിർമ്മാതാക്കൾ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, സംസ്ഥാനത്ത് 18 മുതൽ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെയും കൂടി ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവർക്ക് പല രാജ്യങ്ങളും വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ അടിയന്തര തീരുമാനം എടുത്തത്.
മറുനാടന് മലയാളി ബ്യൂറോ