- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാൻ നീക്കം; കോവാക്സിൻ രാജ്യത്തിനു പുറത്ത് നിർമ്മിക്കുന്നതിനുള്ള സാധ്യത ആരാഞ്ഞ് കേന്ദ്ര സർക്കാർ; മരുന്ന് നിർമ്മാതാക്കൾക്ക് സാങ്കേതികവിദ്യയും ലൈസൻസും കൈമാറി വാക്സിൻ ഉത്പാദിപ്പിക്കാൻ ശ്രമം; ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ടേക്കും
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്റെ ഉത്പാദനം രാജ്യത്തിന് പുറത്തും നടത്താനുള്ള നീക്കങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചു. കോവാക്സിൻ ഉത്പാദനം വർധിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടാനും നീക്കമുണ്ട്.
വാക്സിൻ ഉത്പാദനം അടിയന്തരമായി വർധിപ്പിക്കാനാണ് നീക്കം. രാജ്യത്തിന് പുറത്ത് കോവാക്സിൻ ഉത്പാദിപ്പിക്കുന്നതിന് അനുയോജ്യമായ കേന്ദ്രങ്ങളടക്കം കണ്ടെത്താനുള്ള നീക്കം തുടങ്ങിയതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
വാക്സിൻ ക്ഷാമം സംബന്ധിച്ച പരാതികൾ പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വാക്സിൻ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
മറ്റ് നിർമ്മാതാക്കൾക്ക് സാങ്കേതികവിദ്യയും ലൈസൻസും കൈമാറി അവരെക്കൊണ്ട് രാജ്യത്തുതന്നെ വാക്സിൻ ഉത്പാദിപ്പിക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്. മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവരുമായി ഇക്കാര്യത്തിൽ ആശയവിനമയം നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം.
വാക്സിന്റെയും മരുന്നുകളുടെയും ഉത്പാദനം വർധിപ്പിക്കാൻ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി മെയ് 18 ന് ചേർന്ന മന്ത്രിതല സമിതി യോഗത്തിൽ ചർച്ച നടന്നിരുന്നു. വിവിധ ലൈസൻസുകൾ അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്തു.
കോവിഷീൽഡ് വാക്സിന്റെ നിർമ്മാതാക്കളായ ആസ്ട്രസെനകയുമായി വിഷയം ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രാലയത്തെ സമിതി ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്ക് കൂടുതൽ വോളണ്ടറി ലൈസൻസുകൾ അനുവദിക്കുന്ന വിഷയം ചർച്ച ചെയ്യാനായിരുന്നു ഇത്.
വിദേശകാര്യ വകുപ്പും ബയോടെക്നോളജി വകുപ്പും ചേർന്ന് കോവിഷീൽഡ് വാക്സിന്റെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത വർധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി.
ഫൈസർ അടക്കമുള്ളവയുമായി ചർച്ചകൾ നടത്താൻ വിദേശകാര്യ മന്ത്രാലയത്തിന് പുറമെ മറ്റുമന്ത്രാലയങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്സിൻ ഉത്പാദനം വർധിപ്പിക്കുന്നത് സംബന്ധിച്ച കരാറുകൾ വിദേശകാര്യ മന്ത്രാലയവും നീതി ആയോഗും നിയമ മന്ത്രാലയ സെക്രട്ടറിയും ചേർന്ന് തയ്യാറാക്കും.
ന്യൂസ് ഡെസ്ക്