- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രതിസന്ധിയിലെ സാമ്പത്തിക മുരടിപ്പിൽ നിന്നും പൂർണ മുക്തി നേടാനായിട്ടില്ല; വായ്പാ തിരിച്ചടവിന് ആറു മാസത്തെ സാവകാശം കൂടി നൽകണമെന്ന നിർദ്ദേശം അംഗീകരിച്ചില്ല
കുവൈത്ത് സിറ്റി: കുവൈത്തിൽ ബാങ്ക് വായ്പ തിരിച്ചടവിന് ആറു മാസംകൂടി അവധി നൽകണമെന്ന എംപിമാരുടെ നിർദ്ദേശം സർക്കാർ അംഗീകരിച്ചില്ലെന്ന് റിപ്പോർട്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സ്വദേശികളുടെയും വിദേശികളുടെയും വായ്പകൾക്ക് സർക്കാർ നിർദേശപ്രകാരം തദ്ദേശീയ ബാങ്കുകൾ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കോവിഡ് മൂലമുള്ള സാമ്പത്തിക മുരടിപ്പ് പൂർണമായും മാറിയിട്ടില്ലെന്നും ജനങ്ങളുടെ വരുമാനം സുസ്ഥിതിയിലായിട്ടില്ലെന്നും ആറു മാസംകൂടി സാവകാശം നൽകണമെന്നുമാണ് ചില എംപിമാർ ആവശ്യപ്പെട്ടത്. ബാങ്കുകളുടെ എതിർപ്പ് സർക്കാർ പരിഗണിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ ആറുമാസം അവധി നൽകിയതു വഴി തന്നെ 370 ദശലക്ഷം ദീനാറിന്റെ നഷ്ടം തദ്ദേശീയ ബാങ്കുകൾക്ക് ഉണ്ടെന്നാണ് വിലയിരുത്തൽ. അടുത്ത നാലു വർഷത്തെ ബാങ്ക് ബജറ്റിൽ ഇത് പ്രതിഫലിക്കും. ഇനിയൊരു ആറു മാസംകൂടി ഭാരം താങ്ങാനുള്ള ശേഷിയില്ലെന്നാണ് ബാങ്കുകളുടെ വാദം. കോവിഡ് പ്രതിസന്ധിയിൽ ജോലിയും വരുമാനവും ഇല്ലാതായ നിരവധി പേർക്ക് വായ്പ മൊറട്ടോറിയം വലിയ ആശ്വാസമായിരുന്നു.
കുവൈത്ത് നിയന്ത്രണങ്ങൾ നീക്കി വിപണി ഏകദേശം തുറന്നിട്ടുണ്ട്. കുവൈത്ത് സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ ബാങ്കുകളുടെ നിലനിൽപിനുതന്നെ ഭീഷണിയാവുന്ന വിധത്തിൽ വീണ്ടും ഭാരം അടിച്ചേൽപിക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് സർക്കാർ എത്തിയതെന്നാണ് റിപ്പോർട്ട്.