മസ്‌കത്ത്: കോവിഡ് ബാധിച്ച് ഒരു മലയാളി നഴ്‌സ് കൂടി മരണത്തിനു കീഴടങ്ങി. സിനാവ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ബ്ലെസി സാം ആണ് മരിച്ചത്. 37 വയസായിരുന്നു പ്രായം. രാജ്യത്തെ കോവിഡ് അടിയന്തിരാവസ്ഥയെ തുടർന്ന് റോയൽ ആശുപത്രിയിൽ കോവിഡിനെതിരെ പോരാടിയ മുൻനിര പോരാളികളിൽ ഒരാളായിരുന്നു ബ്ലെസി.

കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും പഴയ ആശുപത്രിയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. പിന്നീട് എം.ഒ.എച്ച് കോവിഡ് രോഗികളെ പരിചരിക്കുന്നതിന് വേണ്ടി ഇബ്രി ആശുപത്രിയിലേക്ക് നിയോഗിച്ചു. അവിടെ വച്ചാണ് ബ്ലെസ്സിക്ക് കോവിഡ് രോഗം ബാധിക്കുന്നത്. രോഗാവസ്ഥ മോശമായതിനെ തുടർന്ന് റോയൽ ആശുപത്രിയിലെ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ബ്ലെസ്സി മരണത്തിനു കീഴടങ്ങിയത്. ഭർത്താവ് സാം ജോർജ്ജ്. വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ് പരേത. മക്കൾ: കെസിയ സാം, കെവിൻ സാം. ഒമാനിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ ആരോഗ്യ പ്രവർത്തകയാണ് ഇവർ. ഇതുവരെ 26 മലയാളികളാണ് ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചത്.