ഹൂസ്റ്റൺ: ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് ഡപ്യൂട്ടി ജോണി ടൻജ്ഡ് (56) കോവിഡിനെതിരേ ധീരമായി പോരാടിയെങ്കിലും അതിൽ വിജയിക്കാനായില്ല. നവംബർ 3-ന് ചൊവ്വാഴ്ച അദ്ദേഹം അന്തരിച്ചതായി ഷെരീഫ് ഓഫീസ് അറിയിച്ചു.

കോവിഡ് ബാധിച്ച് മരിക്കുന്ന ഷെരീഫ് ഓഫീസിലെ മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് ജോണി. മെയ് ആറിന് സെർജന്റ് റെയ്മണ്ട്, ജൂൺ 13-ന് വാൻ മെഞ്ചാക്ക എന്നിവരാണ് കോവിഡിന് കീഴടങ്ങിയവർ.

29 വർഷത്തെ സേവന പാരമ്പര്യമുള്ള ജോണി ഒരു മാസമായി ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 1991-ൽ ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ജോണി ഇന്മേറ്റ് പ്രോസസിങ് സെന്ററിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

സഹപ്രവർത്തകന്റെ മരണത്തിൽ ഷെരീഫ് ഓഫീസ് ഫാമിലി അനുശോചിക്കുന്നതായി ഷെരീഫ് എഡ ഗോൺസാലസ് അറിയിച്ചു. ജോണി അനേകരുടെ ജീവിതത്തെ സ്വാധീനിച്ച വ്യക്തിയായിരുന്നുവെന്നും, അദ്ദേഹത്തെ ഓർത്ത് ഡിപ്പാർട്ട്മെന്റ് അഭിമാനിക്കുന്നുവെന്നും പറഞ്ഞു. ഭാര്യയും മൂന്നു പെൺമക്കളും ഉൾപ്പെടുന്നതാണ് അന്തരിച്ച ജോണിയുടെ കുടുംബം.