മസ്‌കത്ത്: കോവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായുള്ള പരിശോധന ശക്തം. വിവിധയിടങ്ങളിൽ നിന്നായി സ്വദേശികളും വിദേശികളുമടക്കമുള്ളവർ പിടിയിലായി. വാരാന്ത്യമായതിനാലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. അനധികൃതമായി ഒത്തുചേർന്ന സ്വദേശികൾക്കും വിദേശികൾക്കുമെതിരെ നടപടി സ്വീകരിച്ചതായി മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് അറിയിച്ചു. സീബിലാണ് ഒത്തുചേരൽ നടന്നത്.

സുഹാറിൽനിന്ന് വെള്ളിയാഴ്ച രാവിലെ ഒരു സംഘം വിദേശികളെയും ഒരു സ്വദേശിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ബുറൈമി ഗവർണറേറ്റിൽ സ്വദേശികളാണ് ഒത്തുചേരലിന് ശ്രമിച്ചത്. സുരക്ഷാ നടപടികൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സുപ്രീം കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. സഞ്ചാരവിലക്കിന്റെ സമയത്ത് പുറത്തിറങ്ങി നടന്നതിന് പൊലീസ് പിടിയിലായ ആറ് വിദേശികൾക്ക് കഴിഞ്ഞ ദിവസം തടവും പിഴയും ഒപ്പം നാടുകടത്തലും ശിക്ഷ വിധിച്ചിരുന്നു.