- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പുതിയ കോവിഡ് കേസുകളില്ലാതെ പത്തു ദിവസം പിന്നിട്ടു; വിക്ടോറിയയിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; മെൽബണിലും ഇളവുകൾ പ്രഖ്യാപിച്ചു
പുതിയ കോവിഡ് കേസുകളോ മരണങ്ങളോ ഇല്ലാതെ പത്തു ദിവസം പിന്നിട്ട വിക്ടോറിയയിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. നാലു രോഗബാധകൾ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്. സ്രോതസറിയാത്ത രണ്ടു കേസുകളും. ഞായറാഴ്ചയും പതിനായിരത്തിലേറെ പേർ പരിശോധനയ്ക്ക് വിധേയരായെങ്കിലും ആർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.
അതോടൊപ്പം മെൽബണിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നിരിക്കുകയാണ്. മെൽബൺ മെട്രോപൊളിറ്റൻ മേഖലയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിൽ കോവിഡ് നിയന്ത്രണങ്ങളിൽ മാസങ്ങളായി നിലനിന്നിരുന്ന വേർതിരിവ് പിൻവലിച്ചു. ഇതോടെ മെൽബണുകാർക്ക് ഉൾനാടൻ വിക്ടോറിയയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നതാണ്.
വർക്ക് പെർമിറ്റ് ഉള്ളവർക്കായിരുന്നു ഇതുവരെ യാത്രാ അനുമതി. വീട്ടിൽ നിന്ന് 25 കിലോമീറ്റർ മാത്രമേ യാത്ര ചെയ്യാവൂ എന്ന നിയന്ത്രണവും അവസാനിച്ചു. മെൽബണിലുള്ളവർക്ക് വീടു സന്ദർശനത്തിലും കൂടുതൽ ഇളവു ലഭിക്കും. ഒരു ദിവസം രണ്ടു പേർ, ഒരു തവണ മാത്രമേ ഒരു വീട്ടിൽ സന്ദർശനം നടത്താവൂ എന്ന നിയന്ത്രണം നിലനിൽക്കും.
എന്നാൽ, ആ രണ്ടു പേർ ഒരേ വീട്ടിൽ നിന്നുള്ളവരമാകണമെന്നില്ല. അതായത്, രണ്ട് വ്യത്യസ്ത വീടുകളിൽ നിന്നുള്ള രണ്ടു പേർക്ക്, മൂന്നാമതൊരു വീട്ടിൽ സന്ദർശനം നടത്താം. ഈ രണ്ടു പേരുടെയും സന്ദർശനം ഒരേസമയം ആകണമെന്നില്ല.
റെസ്റ്റോറന്റുകളിലും ബാറുകളിലും ഔട്ട്‌ഡോറിൽ 70 പേരെയും ഇൻഡോറിൽ 40 പേരെയും അനുവദിക്കും. ജിമ്മുകൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങിയവയിൽ 20 പേർ വരെ. അതേസമയം, നിലവിൽ വർക്ക് ഫ്രം ഹോം ചെയ്യുന്നവർ അത് തുടരണം. മാസ്‌കുകൾ ധരിക്കുന്നത് നിർബന്ധിതമായി തന്നെ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.