ഫിലാഡൽഫിയാ: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 6,311 പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ട് പെൻസിൽവാനിയ കോവിഡ് എന്ന പകർച്ചവ്യാധിയുടെ മറ്റൊരു അതിനിർണ്ണായക ഘട്ടത്തിലേക്ക് കുതിക്കുകയാണെന്ന് പെൻസിൽവാനിയയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസ് പാൻഡെമിക്കിന്റെ ആരംഭം മുതൽ ഈ അടുത്തകാലം വരെ ഉള്ളതിനേക്കാൾ അതി വേഗത്തിൽ ഇപ്പോൾ വൈറസ് പടരുന്നുവെന്ന് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത സംസ്ഥാന കണക്കുകൾ പ്രകാരം വ്യക്തമാകുന്നു. പോസിറ്റീവ് ടെസ്റ്റ് ഫലങ്ങളുടെ ശതമാനം ദിനംപ്രതി ഉയരുകയാണ്.

രണ്ടാഴ്ചയ്ക്കുള്ളിൽ പോസിറ്റീവ് നിരക്ക് 40% ഉയർന്നുവെന്ന് ദി കോവിഡ് ട്രാക്കിങ് പ്രോജക്റ്റ് പറയുന്നു. COVID-19 വൈറസ് ബാധിച്ചിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 742 എണ്ണം റിപ്പോർട്ട് ചെയ്തപ്പോൾ 11 /09 / 2020 തിങ്കളാഴ്ച ഒറ്റ ദിവസം 1,735 ആയി അത് ഉയർന്നു.

വൈറസ് ബാധിതരിൽ കൂടുതലും വെളിയിൽനിന്നും ഒന്നിച്ചു കൂടി ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് കോൺടാക്റ്റ് ട്രേസിംഗിലൂടെ കണ്ടെത്തി. നഗരത്തിൽ കോവിഡ് -19 കേസുകൾ അതിവേഗം ഉയരുന്നതിനാൽ സമീപഭാവിയിൽ ഫിലാഡൽഫിയ ബിസിനസുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുമെന്ന് ഫിലാഡൽഫിയ ഹെൽത്ത് കമ്മീഷണർ ഡോ. തോമസ് ഫാർലി കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ഏത് നിയന്ത്രണങ്ങളാണ് ആദ്യം വരുന്നതെന്ന് ആരോഗ്യ കമ്മീഷണർ വിശദീകരിചിട്ടില്ല.

എപ്പോഴും മാസ്‌ക് ധരിക്കാനും ജനക്കൂട്ടത്തിൽ നിന്ന് മാറിനിൽക്കാനും സംസ്ഥാന ആരോഗ്യ സെക്രട്ടറി ഡോ. റേച്ചൽ ലെവിൻ ഹാരിസ്ബർഗിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പെൻസിൽവാനിയാ നിവാസികളോട് ആവശ്യപ്പെട്ടു.

''ഈ വൈറസ് പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരിൽനിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളും കൈക്കൊള്ളേണ്ടതായ ജാഗ്രതകളും കർശനമായി നാം ഓരോരുത്തരും പാലിക്കേണ്ടതുണ്ട് .. നാം അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, നമ്മളെയും നമ്മുടെ കുടുംബാംഗങ്ങളെയും പൊതു സമൂഹങ്ങളെയും നമ്മുടെ ആരോഗ്യ സംവിധാനങ്ങളെയും അപകടത്തിലാക്കുന്നു.'' ലെവിൻ കൂട്ടിച്ചേർത്തു.