വാഷിങ്ടൺ ഡി.സി: നിയുക്ത പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്ത കോവിഡ് 19 അഡൈ്വസറി ബോർഡിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ ഡോക്ടർ സെലിൻ ഗൗണ്ടറും. 1960ൽ അമേരിക്കയിലേക്ക് കൂടിയേറിയ തമിഴ്‌നാട്ടുകാരനായ രാജ ഗൗണ്ടറിന്റെ മകളാണ് സെലിൻ. എച്ച്.ഐ.വി. ഇൻഫക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് എപ്പിഡെമോളജിസ്റ്റ്, ജേർണലിസ്റ്റ്, ഫിലിം മേക്കർ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയാണ് സെലിൻ ഗൗണ്ടർ.

പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും മോളിക്കുലാർ ബയോളജിയിൽ ബിരുദവും ജോൺ ഹോപ്പ്കിൻസ് ബ്ളംബർഗ് സ്‌കൂൾ ഓഫ് പബ്ളിക്ക് ഹെൽത്തിൽ നിന്നും മാസ്റ്റർ ബിരുദവും വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഡി.യും കരസ്ഥമാക്കിയിട്ടുണ്ട്.ഹാർവാർഡ് മാസ്സച്യുസെറ്റ്സ് ജനറൽ ആശൂപത്രിയിൽ ഇന്റേണൽ മെഡിസിനിൽ റസിഡന്റാണ്.

പെരുംപാളയത്തെ ഗ്രാമത്തിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ രാജ ഗൗണ്ടറുടെയും നോർമാന്റിയിൽ നിന്നുള്ള മാതാവിന്റെയും മകളായി 1977ൽ അമേരിക്കയിലായിരുന്നു സെലിന്റെ ജനനം. മെഡിക്കൽ ജേർണലിസ്റ്റായി ദീർഘ വർഷം പ്രവർത്തിച്ചിരുന്നു. ഡോ. വിവേക് മൂർത്തി വൈസ് ചെയർമാനായ കോവിഡ് 19 അഡൈ്വസറി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കുന്നു. സെലിൻ പറഞ്ഞു.