ടൊറന്റോ: രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ലോക്ക്ഡൗൺ നടപടികൾ ആരംഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ റെക്കോഡ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് -19 കേസുകളുടെ ദൈനംദിന റെക്കോർഡ് തകർത്ത് 4981 കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്നിലൊന്ന് അണുബാധകളും ഒന്റാറിയോയിൽ നിന്നുള്ളവയാണ്. 1,575 പുതിയ കേസുകളും 18 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ പകുതിയോടെ ഒന്റാറിയോയിൽ പ്രതിദിനം 6,500 പുതിയ കോവിഡ്19 കേസുകൾ കാണാൻ കഴിയുമെന്ന് പുതിയ മോഡലിങ് സൂചിപ്പിക്കുന്നു. എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ, കർശനമായ നടപടികൾ സ്വീകരിക്കാൻ താൻ മടിക്കില്ലെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു.

1,365 പുതിയ കേസുകളും 42 മരണങ്ങളും റിപ്പോർട്ട് ചെയ്ത ക്യൂബെക്കിൽ, ഇപ്പോൾ സ്‌കൂളുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 594 പുതിയ കേസുകളും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആളുകളുടെ നിസ്സഹകരണം മൂലം ഇവിടെ പ്രതിദിന കേസ് എണ്ണം പ്രതിദിനം 1,000 ൽ എത്തുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

860 പുതിയ കേസുകൾ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആൽബർട്ടയിൽ ഇന്നലെ പുതിയ നടപടികൾ പ്രഖ്യാപിച്ചു. സാമൂഹിക ഒത്തുചേരലുകൾക്ക് ആൽബർട്ട സ്വമേധയാ വിലക്ക് ഏർപ്പെടുത്തി. ഒമ്പത് മരണങ്ങളും 474 പുതിയ കേസുകളും രേഖപ്പെടുത്തി മാനിറ്റോബയിൽ പുതിയ ലോക്ക്ഡൗൺ നടപടികൾ ആവിഷ്‌കരിച്ചു.

സസ്‌കാച്ചെവാനിൽ 111 പുതിയ അണുബാധകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. തുടർച്ചയായ ആറാം ദിവസമാണ് പ്രവിശ്യയിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായത് അറ്റ്‌ലാന്റിക് കാനഡയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ആദ്യമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.