ഡാളസ്: മാർച്ച് 3 ചൊവ്വാഴ്ച ഡാളസ് കൗണ്ടിയിൽ കോവിഡ് 19 ബാധിച്ചു 25 പേർ മരിച്ചതോടെ ആകെ കൗണ്ടിയിൽ മരിച്ചവരുടെ സംഖ്യ 3000 കവിഞ്ഞതായി ആരോഗ്യവകുപ്പു അധികൃതർ അറിയിച്ചു.

ചൊവാഴ്ച കൗണ്ടിയിൽ 526 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 246310 ഉം, മരണം 3018 ആയി ഉയർന്നിട്ടുണ്ട്.

അതേ സമയം ടെക്സസ് സംസ്ഥാനത്തെ മാസ്‌ക മാൻഡേറ്റ് മാർച്ച് 10 മുതൽ ഒഴിവാക്കികൊണ്ടു ഗവർണറുടെ ഉത്തരവ് നിർഭാഗ്യകരമാണെന്ന് കൗണ്ടി ജഡ്ജി ക്ലെ ഇൻങ്കിൻസ് പറഞ്ഞു.

ഗവർണ്ണർ എന്തു പറയുന്നു എന്നുള്ളതല്ല, ആരോഗ്യ വകുപ്പ് വിദഗ്ദൻ എന്തു പറയുന്നുവെന്നതിനാണ് നോർത്ത് ടെക്സസിലെ ജനങ്ങൾ മുൻഗണന നൽകേണ്ടതെന്നും ജഡ്ജി കൂട്ടിചേർത്തു. ഡാളസ് കൗണ്ടിയിലെ വ്യാപകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും പോകുന്നവർ മാസ്‌ക് ധരിക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടു.

ഡാളസ് കൗണ്ടിയുടെ തൊ്ട്ടടുത്ത കൗണ്ടിയായ ടറന്റ് കൗണ്ടിയിൽ ചൊവ്വാഴ്ച 14 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2897 ആയി.

ടെക്സസ് ഗവർണ്ണറുടെ പുതിയ ഉത്തരവ് മാർച്ച് 10 മുതൽ നിലവിൽ വരുന്നതിനെതിരെ ശക്തമായ എതിർപ്പാണ് ഡാളസ് കൗണ്ടിയിലെ പ്രധാന ആശുപത്രികളിലെ ഡോക്ടർമാർ പ്രകടിപ്പിച്ചത്. മാസ്‌ക് മാറ്റേണ്ട സമയമായിട്ടില്ലെന്നും, അങ്ങനെ സംഭവിച്ചാൽ മറ്റൊരു വ്യാപനം കൂടി ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പു നൽകി.