കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരുമാസത്തേക്ക് ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചു. വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് കർഫ്യൂ നടപ്പാക്കുക. കഴിഞ്ഞ നാലുദിവസങ്ങളിൽ റെക്കോഡ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കടുത്ത നടപടിക്ക് സർക്കാർ തീരുമാനിച്ചത്. റമദാന് മുമ്പ് കർഫ്യൂ പിൻവലിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

കർഫ്യൂ നടപ്പാക്കണമെന്ന നിർദ്ദേശം നേരത്തേതന്നെ സർക്കാറിന് മുന്നിൽ ഉണ്ടായിരുന്നെങ്കിലും വിപണിയിലെ ആഘാതവും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഇതുവരെ തൽക്കാലം കർഫ്യൂ ഏർപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന സർക്കാർ മുന്നറിയിപ്പ് ഒരു വിഭാഗം ആളുകൾ അവഗണിച്ചു.

അതുകൊണ്ടുതന്നെ കോവിഡ് വ്യാപനം വേഗത്തിലായി. അതോടെയാണ് കർഫ്യൂ നടപ്പാക്കാൻ മന്ത്രിസഭ നിർബന്ധിതരായത്.

മന്ത്രിസഭ തീരുമാനങ്ങൾ ചുവടെ:

  • റെസ്റ്റാറന്റുകളിൽ പ്രവേശിക്കാൻ പാടില്ല. ഡെലിവറി ഓർഡറുകളോ കാറിലിരുന്ന് ഓർഡർ ചെയ്യുന്ന ഡ്രൈവ് ത്രൂ സർവീസോ മാത്രം അനുവദിക്കും
  • ടാക്‌സികളിൽ രണ്ട് യാത്രക്കാർ മാത്രം പാടുള്ളൂ
  • പാർക്കുകളും ഗാർഡനുകളും അടച്ചിടും
  • റെസ്റ്റാറന്റുകൾക്കും സഹകരണ സംഘങ്ങൾക്കും ഫാർമസികൾക്കും കർഫ്യൂ ഡെലിവറി സർവീസ് അനുവദിക്കും
  • കർഫ്യൂ സമയത്ത് നിർബന്ധ നമസ്‌കാരങ്ങൾക്ക് 15 മിനിറ്റ് മുമ്പ് പള്ളികളിലേക്ക് നടന്നുപോകാം
  • എ.സി, ലിഫ്റ്റ് അറ്റകുറ്റപണി നടത്തുന്നവർക്ക് കർഫ്യൂവിൽ ഇളവ്
  • വിദേശികളുടെ യാത്രാവിലക്ക് തുടരും

മന്ത്രിസഭ ഉത്തരവിട്ട കർഫ്യൂ നടപ്പാക്കാൻ സജ്ജമെന്ന് സേനാവിഭാഗങ്ങൾ അറിയിച്ചു. റോഡുകളിലും റെസിഡൻഷ്യൽ ഏരിയകളിലും സെക്യൂരിറ്റി പോയന്റുകൾ തീർക്കേണ്ട ഭാഗങ്ങൾ നിശ്ചയിക്കുകയും ഉദ്യോഗസ്ഥർക്ക് മാർഗനിർദ്ദേശം നൽകുകയും ചെയ്തു. കർഫ്യൂ ലംഘനം കനത്ത ശിക്ഷ ലഭിക്കുന്ന നിയമലംഘനമായി കണക്കാക്കുമെന്നും എല്ലാവരും സർക്കാർ ഉത്തരവ് പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിയമലംഘനം കണ്ടെത്താൻ പ്രധാന റോഡുകളിലും ഉൾഭാഗങ്ങളിലും പൊലീസ് പട്രോൾ സംഘം റോന്തുചുറ്റും.