- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വകഭേദം സംഭവിച്ച വൈറസുകൾ 18 സംസ്ഥാനങ്ങളിൽ കണ്ടെത്തി; 10,787 സാമ്പിളുകൾ പരിശോധിച്ചതിൽ 771 എണ്ണം വകഭേദം സംഭവിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ കൊറോണ വൈറസിന്റെ വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്ഥിതിഗതികൾ കൂടുതൽ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വൻസിംഗും എപ്പിഡെമോളജിക്കൽ പഠനങ്ങളും തുടരുകയാണ്.
സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച 10,787 സാമ്പിളുകളിൽ നിന്ന് 771 വകഭേദം സംഭവിച്ച വൈറസുകളാണ് കണ്ടെത്തിയത്. ഇതിൽ 736 എണ്ണം ബ്രിട്ടണിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകൾക്ക് സമാനമാണ്. 34 എണ്ണം ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ വൈറസുകൾക്കും ഒരെണ്ണം ബ്രസീലിൽ കണ്ടെത്തിയ വൈറസുകൾക്കും സമാനമാണ്.
കേരളത്തിൽ 14 ജില്ലകളിൽ നിന്ന് ശേഖരിച്ച 123 സാമ്പിളുകളിൽ N440K വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ വൈറസ് നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിലെ സാമ്പിളുകളുമായി താരതമ്യം ചെയ്യുമ്പോൾ മഹാരാഷ്ട്രയിൽ വകഭേദം സംഭവിച്ച E484Q, L452R എന്നീ വൈറസുകളുടെ എണ്ണത്തിൽ വർധനയുണ്ടായി. ഇത് രോഗം ബേധമാകുന്നത് വൈകിപ്പിക്കുകയും വ്യാപനം കൂടുകയും ചെയ്യുന്നു. ആകെ ശേഖരിച്ച സാമ്പിളുകളിൽ 15 മുതൽ 20 ശതമാനം വരെയും വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ നിലവിൽ സ്വീകരിച്ചിട്ടുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുക തന്നെയാണ് ഈ വൈറസുകൾക്കെതിരേയുള്ള പ്രതിരോധമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
എന്നാൽ ചില സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതിന് പുതിയ വൈറസുകളുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സമീപ ദിവസങ്ങളിൽ ചില സംസ്ഥാനങ്ങളിൽ കൊറോണ കേസുകളിൽ ഉണ്ടായ വൻ വർധനവിന് കാരണം വകഭേദം സംഭവിച്ച വൈറസുകളാണെന്ന ആശങ്ക ഉയർന്നിരുന്നു. 47,262 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,17,34,058 ആയി ഉയർന്നിരുന്നു. 1,60,441 പേരാണ് ഇന്ത്യയിൽ ഇത് വരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.