മുംബൈ: ഐ.പി.എല്ലിന്റെ 14-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതിൽ ആശങ്ക.

രണ്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്കും ഒരു പ്ലംബർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദിവസങ്ങൾക്ക് മുമ്പ് സ്റ്റേഡിയത്തിലെ പത്തോളം ഗ്രൗണ്ട് സ്റ്റാഫിന് രോഗം സ്ഥിരീകരിച്ചിരുന്നു.

ഏപ്രിൽ പത്തിന് ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലാണ് മുംബൈയിലെ ആദ്യ മത്സരം. 10 മത്സരങ്ങളാണ് ഈ സീസണിൽ വാങ്കെഡെയിൽ നടക്കുക.

അതേസമയം കോവിഡ് കേസുകളിൽ വർധനവുണ്ടായതോടെ മഹാരാഷ്ട്ര സർക്കാർ നൈറ്റ് കർഫ്യൂ, നിയന്ത്രിത ലോക്ക്ഡൗൺ എന്നിവ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ രാത്രി കാല കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഐ.പി.എല്ലിന് ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.