കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന, ട്വന്റി 20 പരമ്പരകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായ ഗ്രാന്റ് ഫ്‌ളവറിനും പിന്നാലെ വീഡിയോ അനലിസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചതോടെ പരമ്പര നീട്ടി വെയ്ക്കാൻ സാധ്യത. ശ്രീലങ്കൻ ടീമിന്റെ ഡാറ്റാ അനലിസ്റ്റായ ജി ടി നിരോഷനാണ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

ഗ്രാന്റ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ടീം അംഗങ്ങളെയും സപ്പോർട്ട് സ്റ്റാഫിനെയും ഇന്നലെ വൈകിട്ട് വീണ്ടും കോവിഡ് പരിശോധനകൾക്ക് വിധേയയരാക്കിയത്. ജി ടി നിരോഷനെ ഐസോലേഷനിലേക്ക് മാറ്റിയതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ഇന്ത്യക്കെതിരായ ഏകദിന-ടി20 പരമ്പര തുടങ്ങാൻ നാല് ദിവസം മാത്രം ബാക്കിയിരിക്കെ ശ്രീലങ്കൻ ടീമിലെ സപ്പോർട്ട് സ്റ്റാഫിലുള്ള രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്ത്യൻ ടീമിനെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീലങ്കൻ താരങ്ങൾ നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിൽ തിരിച്ചെത്തിയ ലങ്കൻ താരങ്ങൾ ഇപ്പോൾ ബയോ സെക്യുർ ബബ്ബിളിലാണ്. ടീമിന്റെ ഐസൊലേഷൻ കാലാവധി നീട്ടേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചേക്കുമെന്ന സൂചനകൾ വരുന്നത്.

ഇതനുസരിച്ച് ഏകദിനങ്ങൾ ജൂലായ് 17, 19, 21 തീയതികളിലേക്കും ട്വന്റി 20 പരമ്പര 24, 25, 27 തീയതികളിലേക്കും മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാർക്കും നാല് സപ്പോർട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കോവിഡ് സഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് പുതിയ ടീമിനെ തന്നെ ഇറക്കാൻ ഇംഗ്ലണ്ട് നിർബന്ധിതതരായിരുന്നു. ഈ മാസം 13നാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര തുടങ്ങുന്നത്.

സീനിയർ താരങ്ങൾ ഇംഗ്ലണ്ട് പര്യടനത്തിലായതിനാൽ ശിഖർ ധവാന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ശ്രീലങ്കക്കക്കെതിരെ ഏകദിന, ടി20 പരമ്പരക്കിറങ്ങുന്നത്. രാഹുൽ ദ്രാവിഡാണ് യുവതാരങ്ങൾ കൂടുതലുള്ള ടീമിന്റെ മുഖ്യ പരിശീലകൻ. മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് പരമ്പരയിലുള്ളത്.