- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ കോവിഡ് മരണനിരക്ക് ഉയരുന്നു; 26 ശ്മശാനങ്ങളിലും മൃതദേഹങ്ങളുടെ നീണ്ട വരി; ദഹിപ്പിക്കാൻ ആവശ്യത്തിന് തറകളില്ല; നായ്ക്കളുടെ ശ്മശാനം താത്കാലികമായി മനുഷ്യരുടേതാക്കി
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് ബാധിച്ച് മരണം ഏറിയതോടെ മൃതദേഹം സംസ്‌കരിക്കുന്നതിനും കടുത്ത പ്രതിസന്ധി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹിയിൽ പ്രതിദിനം മുന്നൂറിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
മൃതദേഹങ്ങളുമായി ഇരുപതു മണിക്കൂർ വരെയാണു പൊരിവെയിലത്തും ഇരുളിലും പലരും ഊഴവും കാത്തിരിക്കുന്നത്. ശ്മശാനങ്ങളിൽനിന്ന് ശ്മശാനങ്ങളിലേക്കും ദഹിപ്പിക്കാനവസരം കിട്ടുംവരെ മൃതദേഹം സൂക്ഷിക്കാൻ ശീതീകരണ സംവിധാനം തേടിയും ഉള്ള കരളലിയിക്കുന്ന യാത്രകളാണ് ഡൽഹിയിലെങ്ങും.
ഓക്സിജൻ ലഭ്യതക്കുറവിന് അല്പം ആശ്വാസമായെങ്കിലും ഡൽഹിയിൽ മരണനിരക്ക് ഉയരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനു കീഴിലെ 26 ശ്മശാനങ്ങളിലും മൃതദേഹങ്ങളുടെ നീണ്ട വരിയാണ്. ദഹിപ്പിക്കാൻ ആവശ്യത്തിന് തറകളില്ല. ഗസ്സിപ്പുർ ശ്മശാനത്തിൽ വാഹനം പാർക്കു ചെയ്യുന്ന സ്ഥലത്ത് 20 തറകൾകൂടി പണിതു. വസീറാബാദിൽ പത്തും. സീമാപുരിയിലും പാർക്കിങ് മേഖലയെ ശവസംസ്‌കാരത്തിനായി ഉപയോഗിച്ചു തുടങ്ങി.
ദ്വാരക സെക്ടർ 29ലെ നായ്ക്കളെ സംസ്‌കരിക്കുന്നതിനുള്ള ശ്മശാനത്തിൽ മനുഷ്യരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള താല്ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ് കോർപറേഷൻ അധികൃതർ. മൂന്നു ഏക്കർ വരുന്ന ശ്മശാനം ആറുമാസങ്ങൾക്ക് മുമ്പാണ് നിർമ്മിക്കുന്നത്. എന്നാൽ ഇത് പ്രവർത്തനം ആരംഭിച്ചിരുന്നില്ല.
പ്രതിദിനം സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം 15 ശതമാനം മുതൽ 20 ശതമാനം വരെ ഉയരുകയാണ്. നിലവിൽ 800 ഓളം മൃതദേഹങ്ങൾ ഡൽഹിയിൽ സംസ്‌കരിക്കുന്നുണ്ട്. ദിവസം ആയിരം മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിലേക്ക് ഡൽഹി താമസിയാതെ എത്തിച്ചേരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. അതിനാൽ ശ്മശാനങ്ങളുടെ ശേഷി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഡൽഹി. പാർക്കിലും ശ്മശാനങ്ങളുടെ പാർക്കിങ് സ്ഥലത്തും താൽക്കാലിക പൈർ പ്ലാറ്റ്‌ഫോമുകൾ നിർമ്മിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്