- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി ക്യാപ്പിറ്റൽസ് താരത്തിനു കോവിഡ്; ടീം അംഗങ്ങൾ ക്വാറന്റീനിൽ; യാത്ര റദ്ദാക്കി; മുഴുവൻ താരങ്ങളെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും; കോവിഡ് ഭീതിയിൽ വീണ്ടും ഐപിഎൽ

മുംബൈ: ഐപിഎല്ലിൽ ആദ്യപാദ മത്സരങ്ങൾ പുരോഗമിക്കവെ ടൂർണമെന്റിൽ വില്ലനായി വീണ്ടും കോവിഡ് വ്യാപനം. ബുധനാഴ്ച പഞ്ചാബ് കിങ്‌സുമായി മത്സരം നടക്കാനിരിക്കെ, ടീം അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി ക്യാപ്പിറ്റൽസ് ടീം ക്വാറന്റീനിലായി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച പുണെയിലേക്കുള്ള യാത്ര ഡൽഹി റദ്ദാക്കിയതായി സ്പോർട്സ് പോർട്ടലായ ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്തു. ഋഷഭ് പന്ത് ക്യാപ്റ്റനായുള്ള ഡൽഹി ടീം തിങ്കൾ ചൊവ്വ ദിവസങ്ങളിൽ റൂം ക്വാറന്റീനിലായിരിക്കും. രണ്ട് ദിവസങ്ങളിലായി ടീമിലെ മുഴുവൻ താരങ്ങളെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.
കോവിഡ് സ്ഥിരീകരിച്ച ടീം ഫിസിയോ പാട്രിക് ഫർഹാട്ടിനെ നേരത്തേ നിരീക്ഷണത്തിലാക്കിയിരുന്നു. റാപ്പിഡ് ആന്റിജൻ ടെസ്റ്റിൽ മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചതായാണു റിപ്പോർട്ടുകൾ. ആർടിപിസിആർ ടെസ്റ്റ് കൂടി നടത്തിയതിനു ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. ബുധനാഴ്ച പഞ്ചാബിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം നടക്കേണ്ടത്.
ബിസിസിഐ ചട്ടങ്ങൾ പ്രകാരം കോവിഡിനെത്തുടർന്ന് ടീമുകൾക്കു താരങ്ങളെ ഇറക്കാനാകാത്ത സാഹചര്യത്തിൽ മത്സരം മാറ്റിവയ്ക്കും. ഇതു നടത്താനാകാത്ത സാഹചര്യത്തിൽ ഐപിഎൽ ടെക്‌നിക്കൽ കമ്മിറ്റിയാകും അന്തിമ തീരുമാനം എടുക്കുക.
രാജ്യത്തു കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബിസിസിഐ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ കോവിഡ് നാലാം തരംഗത്തിന്റെ സൂചനകൾ നൽകി രാജ്യത്തു കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതാണ് ഐപിഎൽ മത്സരങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും മത്സരങ്ങൾക്കിടെ രോഗവ്യാപനം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.


