- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് കോവിഡ് പ്രതിരോധത്തിൽ അടുത്ത രണ്ടാഴ്ച്ച നിർണായകം; പ്രതിദിന രോഗബാധയിൽ പ്രതീക്ഷിക്കുന്നത് വലിയ കുതിച്ചുചാട്ടം; രോഗവ്യാപനം തടയാനുള്ള ശ്രമങ്ങളും വിഫലം
തിരുവനന്തപുരം: അടുത്ത രണ്ടാഴ്ച്ച സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൽ നിർണായകമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇനിയുള്ള ദിവസങ്ങളിൽ പ്രതിദിന രോഗബാധയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. രണ്ടാഴ്ച്ചക്കിടെ സംസ്ഥാനത്തെ രോഗവ്യാപനം അതിന്റെ പാരമ്യത്തിലെത്തും. ഇത് മുൻകൂട്ടി കണ്ട് രണ്ടാഴ്ച കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകൾക്ക് പുറത്തേക്ക് രോഗം പടരാതിരിക്കാനുമുള്ള കരുതലാണ് സ്വീകരിക്കുന്നത്. എന്നാൽ, അത്തരം ശ്രമങ്ങളൊന്നും വലിയ വിജയം കാണാത്തതും ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു.
സംസ്ഥാനത്തെ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്തമാസം പ്രതിദിനം 10,000 മുതൽ 20,000 വരെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ട്. കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ അതിന് ആനുപാതികമായി മരണനിരക്ക് ഉയരും എന്ന കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു.കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സർക്കാരും ആരോഗ്യവകുപ്പും സജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.അടുത്ത മാസത്തോടെ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിശക്തമാകുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
സമ്പർക്ക വ്യാപനം കൂടിയാൽ സെപ്റ്റംബർ ആദ്യവാരം പ്രതിദിന വർധന പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ സംഭവിച്ചേക്കാമെന്നു കാൻപുർ ഐഐടി പഠനത്തിന്റെ അടിസ്ഥാനത്തിൽ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് ആദ്യം രോഗബാധ റിപ്പോർട്ട് ചെയ്ത തീരപ്രദേശങ്ങളിൽ രോഗവ്യാപനം കുറവുണ്ടെങ്കിലും പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുകയാണ്. സെൻട്രൽ ജയിലിൽ 164 പേർക്ക് രോഗം സ്ഥിരീകരിച്ചതും വലിയതുറയിലെ ദുരിതാശ്വാസ ക്യാംപിൽ 21 പേർക്ക് പോസിറ്റീവായതും ആശങ്ക കൂട്ടുന്നുണ്ട്.
പൂജപ്പുര സെൻട്രൽ ജയിലിൽ 63 തടവുകാർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി. കഴിഞ്ഞ ദിവസം 99 പേരിൽ പരിശോധന നടത്തിയപ്പോൾ 59 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് 163 പേരെ പരിശോധിച്ചതിലാണ് 63 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
പുതുതായി ജയിലിലേക്ക് കൊണ്ടുവരുന്ന പ്രതികളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയ ശേഷം മാത്രമായിരുന്നു ജയിലിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജയിലിനുള്ളിൽ രോഗം പടരാനുള്ള സാധ്യത കുറവായിരുന്നു. എന്നാൽ അന്തേവാസികളിൽ ഒരാൾക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് ജയിലിലെ മുഴുവൻ അന്തേവാസികൾക്കും കോവിഡ് പരിശോധന നടത്താൻ തീരുമാനമായത്.
മറുനാടന് ഡെസ്ക്