- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേർക്ക് കോവിഡ് പരിശോധന; ടെസ്റ്റിന് വിധേയമാക്കുക ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഹൈ റിസ്‌ക് കാറ്റഗറിയിൽ പെട്ടവരെ; പൊതു സ്ഥലങ്ങളിൽ കർശന നിയന്ത്രണം; ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കൂട്ടം നിയന്ത്രിക്കും; തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ കർശന പ്രതിരോധ പ്രവർത്തനങ്ങളുമായി സർക്കാർ. പൊതു, സ്വകാര്യ ചടങ്ങുകൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കിയേക്കും. ഏപ്രിൽ 16, 17 തിയ്യതികളിൽ രണ്ടരലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
വ്യാപകമായ പരിശോധന, കർശനമായ നിയന്തണം, ഊർജിതമായ വാക്സിനേഷൻ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകൾ തങ്ങൾക്ക് നിശ്ചയിച്ച ടാർഗറ്റ് പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.
കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളിൽ ജീവിക്കുന്നവർ, ധാരാളം ആളുകളുമായി സമ്പർക്കം പുലർത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്സിക്യൂട്ടീവുകൾ എന്നിങ്ങനെ ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഹൈ റിസ്‌ക് കാറ്റഗറിയിൽ പെടുന്നവർക്കാണ് ടെസ്റ്റുകൾ നടത്തുന്നത്. ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർടിപിസിആർ ടെസ്റ്റിങ് യൂണിറ്റുകൾ ഉപയോഗപ്പെടുത്തും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും.
പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തണം. വലിയ തിരക്കുള്ള മാളുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. ഇത്തരം സ്ഥലങ്ങളിൽ ആളുകൾ കൂടുന്നത് നിയന്ത്രിക്കണം. വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള പൊതുപരിപാടികൾ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലെ മൂൻകൂർ അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും ഔട്ട്ഡോർ പരിപാടികളിൽ നൂറ്റമ്പതായും പരിമിതപ്പെടുത്തി.
എല്ലാ സർക്കാർ വകുപ്പുകളും സഹകരിച്ച് ഏകോപിതമായി കാര്യങ്ങൾ നീക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അടുത്ത രണ്ടാഴ്ച ഫലപ്രദമായ നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാവണം. കണ്ടെയ്ന്മെന്റ് സോണുകൾ നിർണയിക്കുന്നത് കോവിഡ് പരിശോധനയ്ക്ക് തടസ്സമാവുന്ന രീതിയിലാവരുത്.
എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ട്യൂഷൻ സെന്ററുകൾ രോഗവ്യാപനത്തിനിടയാക്കരുത്. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കാർ കൂടാതെ ശ്രദ്ധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കോവിഡ് അവലോകന യോഗത്തിൽ മുന്നോട്ടുവെച്ചത്.
യോഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ കലക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ സംബന്ധിച്ചു.
മറുനാടന് മലയാളി ബ്യൂറോ