- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങൾക്ക് പൂർണ പിന്തുണ; ഒറ്റക്കെട്ടായി നിന്നാൽ ഒന്നിനും ക്ഷാമമുണ്ടാകില്ല; ഓക്സിജൻ വിതരണം വർദ്ധിപ്പിക്കാൻ ശ്രമം നടക്കുന്നു; മരുന്നുകളുടെയും ഓക്സിജന്റെയും പൂഴ്ത്തിവെപ്പ് തടയണമെന്നും പ്രധാനമന്ത്രി; സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുകയായിരുന്നു പ്രധാനമന്ത്രി.
പല സംസ്ഥാനങ്ങളിലും കോവിഡ് ഡബിൾ മ്യൂട്ടേഷനും ട്രിപ്പിൾ മ്യൂട്ടേഷനും ഒരേസമയം ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മഹാമാരിക്കെതിരെ കൂട്ടായ ശക്തിയോടെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയും സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
'കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം നമ്മുടെ ഐക്യശ്രമങ്ങളും ഐക്യ തന്ത്രവുമാണ്. നിലവിലെ വെല്ലുവിളിയെ അതേ രീതിയിൽ തന്നെ നേരിടേണ്ടി വരും' മോദി പറഞ്ഞു.
ഓക്സിജൻ ക്ഷാമം സംബന്ധിച്ചാണ് സംസ്ഥാന മുഖ്യമന്ത്രിമാർ യോഗത്തിൽ മുഖ്യമായും പരാതി ഉന്നയിച്ചത്. ഓക്സിജൻ വിതരണം വർദ്ധിപ്പിക്കാൻ നിരന്തരമായ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. വ്യാവസായിക ഓക്സിജനും അടിയന്തര ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിട്ടതായും പ്രധാനമന്ത്രി വ്യക്തമാക്കി.
മരുന്നുകളും ഓക്സിജനുമായി ബന്ധപ്പെട്ട ആവശ്യകതകളും നിറവേറ്റുന്നതിന് എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കാനും പരസ്പരം ഏകോപിപ്പിക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഓക്സിജന്റെയും മരുന്നുകളുടെയും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും പരിശോധിക്കണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഏതെങ്കിലും സംസ്ഥാനത്തിന് വേണ്ടിയുള്ള ഓക്സിജൻ ടാങ്കർ തടസ്സപ്പെടുത്തുകയോ കുടുങ്ങുകയോ ചെയ്യാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളും ഉറപ്പാക്കണം. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഉന്നതതല ഏകോപന സമിതി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.
കേന്ദ്രത്തിൽ നിന്ന് ഓക്സിജൻ അനുവദിച്ചാലുടൻ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ആവശ്യാനുസരണം ഓക്സിജൻ എത്തിക്കാൻ കഴിയുമെന്ന് ഈ ഏകോപന സമിതി ഉറപ്പാക്കണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ ഇതിനോടകം 15 കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി. 45 വയസിന് മുകളിലുള്ളവർക്കും കോവിഡ് പോരാളികൾക്കും നിലവിൽ നൽകുന്ന സൗജന്യ വാക്സിൻ അതേ രീതിയിൽ തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യ ധാന്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരമാണ് സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുന്നത്. ഇതു പ്രകാരം മെയ്, ജൂൺ മാസങ്ങളിലായി അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ടവർക്ക് വിതരണം ചെയ്യും.
ഏകദേശം 80 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏകദേശം 26,000 കോടി രൂപയോളമാണ് സർക്കാർ ഇതിനായി ചെലവഴിക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നവംബർ വരെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം സൗജന്യ ഭക്ഷ്യ ധാന്യം വിതരണം ചെയ്തിരുന്നു.രാജ്യം കോവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുമ്പോൾ രാജ്യത്തെ പാവപ്പെട്ടവർക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,32,730 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്.