- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ ചിരിച്ചാൽ മറ്റെയാളും ചിരിക്കും; ഒരാൾക്ക് സങ്കടം വന്നാൽ മറ്റെയാളും വേദനിക്കും; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകൻ ജിയോഫ്രെഡ് മരിച്ചപ്പോൾ റാഫേൽ ഭാര്യ സോജയോട് പറഞ്ഞത് 'റാൽഫ്രെഡി'ന് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിവരാനാവില്ലെന്ന്; 24ാം വയസിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ട സഹോദരങ്ങൾ വിടവാങ്ങുമ്പോൾ
മീററ്റ്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരട്ടകൾ മരണത്തിന് കീഴടങ്ങി. ഉത്തർ പ്രദേശിലെ മീററ്റ് സ്വദേശികളായ ജോഫ്രഡ് വർഗീസ് ഗ്രിഗറിയും റാൽഫ്രഡ് ജോർജ് ഗ്രിഗറിയുമാണ് കോവിഡിനോടു പൊരുതി 24ാം വയസിൽ ജീവൻ വെടിഞ്ഞവർ. കംപ്യൂട്ടർ എൻജിനീയറിങ് ബിരുദദാരികളായ ഇരുവരും ഹൈദരാബാദിലെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മീററ്റിലെ കന്റോൺമെന്റ് മേഖലയിലാണ് കുടുംബം താമസിച്ചിരുന്നത്.
ഒരേ ദിവസം ഒരുമിച്ചാണ് ഇരുവർക്കും കോവിഡ് പിടിപെട്ടത്. 1997 ഏപ്രിൽ 23ന് ജനിച്ച ഇരുവരുടേയും ഇരുപത്തിനാലാം പിറന്നാൾ ആഘോഷവും ഒരുമിച്ചായിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇരുവർക്കും കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ 24നായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്.
ആദ്യം സ്വന്തം വീട്ടിൽത്തന്നെ കഴിഞ്ഞ് ചികിത്സ തുടർന്നെങ്കിലും ഓക്‌സിജൻ അളവ് 90ൽ താഴെ ആയപ്പോൾ വീട്ടുകാർ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ മെയ് 13ന് വൈകിട്ടും 14ന് പുലർച്ചെയുമായി മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേരെയും കുടുംബത്തിനു നഷ്ടമായി.
ഒരാൾ ചിരിച്ചാൽ മറ്റെയാളും ചിരിക്കും, ഒരാൾക്ക് സങ്കടം വന്നാൽ മറ്റെയാളും വേദനിക്കും- ഇരട്ടകളായിരുന്ന അവരുടെ പ്രത്യേകതയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകൻ ജിയോഫ്രെഡ് മരിച്ച വാർത്തയറിഞ്ഞപ്പോൾ പിതാവ് ഗ്രിഗറി റെയ്‌മൊണ്ട് റാഫേൽ ഭാര്യ സോജയോട് പറഞ്ഞു, 'റാൽഫ്രെഡിന് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങിവരാനാവില്ല. അവനും നമ്മെ വിട്ടു പോകും'. മണിക്കൂറുകളുടെ വ്യത്യാസത്തിൽ മെയ് 14-ന് റാൽഫ്രെഡും യാത്രയായി. മണിക്കൂറുകൾക്കുള്ളിൽ ഇരുവരും പോയി കരഞ്ഞു തളർന്ന ശബ്ദത്തിൽ പിതാവ് കൂട്ടിച്ചേർത്തു.
കൂടുതൽ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾക്കായി കൊറിയയിലോ ജർമനിയിലോ ജോലി തേടി പോകാനുള്ള പദ്ധതിയിലായിരുന്നു ഇവരെന്ന് അച്ഛൻ ഗ്രിഗറി റെയ്മണ്ട് റാഫേൽ പറഞ്ഞു. അവരുടെ വിദ്യാഭ്യാസത്തിനായി തങ്ങൾ ചെലവഴിച്ച പണവും അവർക്ക് നൽകിയ സന്തോഷവും ഇരട്ടിയായി മടക്കിത്തരണമെന്നായിരുന്നു അവരുടെ ആഗ്രഹം. റാഫേൽ കൂട്ടിച്ചേർത്തു. അദ്ധ്യാപകരായിരുന്ന റാഫേലിനും ഭാര്യ സോജയ്ക്കും നെൽഫ്രെഡ് എന്ന മറ്റൊരു മകൻ കൂടിയുണ്ട്.
മെയ് ഒന്നിനാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ആദ്യ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾക്കുശേഷം നടത്തിയ രണ്ടാം ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവായി. കോവിഡ് വാർഡിൽനിന്ന് ഇരുവരെയും സാധാരണ ഐസിയുവിലേക്കു മാറ്റാനും ഡോക്ടർമാർ തയാറായിരുന്നു. എന്നാൽ രണ്ടു ദിവസത്തേക്ക് അവരുടെ ആരോഗ്യനില പരിശോധിച്ചശേഷം മാറ്റിയാൽ മതിയെന്ന് പിതാവ് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, മെയ് 13ന് വൈകിട്ട് ആ ദുരന്ത വാർത്ത അമ്മയുടെ മൊബൈലിലേക്ക് ആശുപത്രിയിൽനിന്നുള്ള ഫോൺകോളായി എത്തുകയായിരുന്നു.
റാൽഫ്രഡ് അവസാനം ആശുപത്രിക്കിടക്കയിൽനിന്ന് അമ്മയെ വിളിച്ചിരുന്നു. തന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ജോഫ്രഡിന്റെ ആരോഗ്യനില എങ്ങനെയുണ്ടെന്നുമാണ് അന്വേഷിച്ചത്. അപ്പോഴേക്കും ജോഫ്രഡ് ഈ ലോകത്തുനിന്നു പോയിരുന്നു. എന്നാൽ റാൽഫ്രഡിനെ ഇക്കാര്യം അറിയിച്ചില്ല. ഡൽഹിയിലെ മറ്റൊരു ആശുപത്രിയിലേക്കു സഹോദരനെ മാറ്റിയെന്നുമാത്രമാണ് പറഞ്ഞത്. എന്നാൽ റാൽഫ്രഡ് ഉടനടി പറഞ്ഞു അമ്മ കള്ളം പറയുകയാണ് എന്ന്.
ഒരുമിച്ച് തങ്ങളുടെ ലോകത്തേക്ക് കടന്നുവന്ന കുഞ്ഞുങ്ങൾ രോഗബാധിതരായി ആശുപത്രിയിലേക്ക് ഒരുമിച്ച് യാത്രയാകുമ്പോഴും അവർ ഒരുമിച്ച് തന്നെ മടങ്ങി വരുമെന്ന് ആ അച്ഛനും അമ്മയ്ക്കും തീർച്ചയായിരുന്നു. ഒരുമിച്ച് തന്നെ അവർ വീട്ടിലേക്ക് മടങ്ങിയെത്തി പക്ഷെ മറ്റൊരു ലോകത്തേക്ക് യാത്രയായതിന് ശേഷം!
ന്യൂസ് ഡെസ്ക്