ലണ്ടൻ: കോവിഡ് ഭേദമായ ചിലർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത് നേരത്തെ ആശങ്ക ഉയർത്തിയിരുന്നു. പക്ഷേ ഒരു തവണ കോവിഡ് ബാധിച്ചവർക്ക് അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാൻ യു.കെയിലെ ആരോഗ്യ പ്രവർത്തകരിൽ ഓക്സ്ഫഡ് സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.'ഇതൊരു സന്തോഷ വാർത്തയാണ്. കോവിഡ് ബാധിച്ചവരിൽ ഏറെ പേർക്കും ഹ്രസ്വ കാലത്തേക്കെങ്കിലും രോഗം വീണ്ടും വരില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരിക്കൽ കോവിഡ് പോസിറ്റീവായ ഒരാൾക്ക് കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും വീണ്ടും രോഗംപിടിപെടാതിരിക്കാനുള്ള പരിരക്ഷയുണ്ട്. നിലവിൽ ആന്റിബോഡിയുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ യാതൊരു രോഗലക്ഷണവും കണ്ടെത്താൻ സാധിച്ചില്ല' - ഓക്സ്ഫഡ് സർവ്വകലാശാല പ്രൊഫസർ ഡേവിഡ് ഐർ വ്യക്തമാക്കി.

ഏപ്രിൽ മുതൽ നവംബർ വരെയുള്ള 30 ആഴ്ച കാലയളവിലാണ് ആരോഗ്യപ്രവർത്തകരിൽ പഠനം നടത്തിയത്. ആന്റിബോഡി ഇല്ലാത്ത 11,052 പേരിൽ നടത്തിയ പഠനത്തിൽ 89 പേരിൽ രോഗലക്ഷണങ്ങളോടെ പുതിയ രോഗബാധ കണ്ടെത്തി. എന്നാൽ ആന്റിബോഡിയുള്ള 1,246 പേരിൽ ആർക്കും രോഗലക്ഷണങ്ങളോടെ രോഗബാധ കണ്ടെത്തിയിട്ടില്ല.ആന്റിബോഡിയുള്ളവർക്ക് ലക്ഷണമില്ലാതെ കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു. പഠനത്തിൽ ആന്റിബോഡി ഇല്ലാത്ത 76 പേർ പോസിറ്റീവായപ്പോൾ ആന്റിബോഡിയുള്ള മൂന്ന് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് ലക്ഷണമില്ലെന്നും ഗവേഷകർ വ്യക്തമാക്കി.

ലോകമെമ്പാടും ഇതിനോടകം കോവിഡ് ബാധിച്ച 5.1 കോടിയോളം രോഗികൾക്ക് ഏറെ ആശ്വാസം പകരുന്ന കണ്ടെത്തലാണിതെന്നും തുടർപഠനത്തിനായി ഈ ആരോഗ്യപ്രവർത്തകരെ തുടർന്നും നിരീക്ഷിക്കുമെന്നും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറഞ്ഞു.