- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം യുകെയിലും; നേരത്തെ യുകെയിൽ കണ്ടെത്തിയവയേക്കാൾ തീവ്രവ്യാപന ശേഷി; രണ്ടാം തരംഗത്തിൽ ആശങ്ക എന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി; ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയ യാത്രക്കാരിൽ പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കൊറോണ വൈറസിന്റെ കൂടുതൽ തീവ്രമായ പുതിയ ജനിതക വകഭേദത്തെ യുകെയിൽ തിരിച്ചറിഞ്ഞു. ഇത്തരത്തിലുള്ള രണ്ടുകേസുകളാണ് തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു. നേരത്തെ യുകെയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തെ പോലെ തന്നെ ദക്ഷിണാഫ്രിക്കൻ വകഭേദവും അവിടെ വൻതോതിൽ രോഗവ്യാപനം സൃഷ്ടിക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ രണ്ടാം തരംഗത്തെയാണ് അഭിമുഖീകരിക്കുന്നത്.
യുകെയിൽ കണ്ടെത്തിയ രണ്ടുപുതിയ വകഭേദങ്ങളും കഴിഞ്ഞ ഏതാനും ആഴ്്ചകളായി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്തവരുടെ സമ്പർക്കത്തിൽ നിന്നുണ്ടായതാണെന്ന് ഹാനോക് പറഞ്ഞു. ഈ പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനശേഷി ആശങ്കയുളവാക്കുന്നതാണ്. യുകെയിൽ ആദ്യം കണ്ടെത്തിയതിനേക്കാൾ ജനിതക വ്യതിയാനം സംഭവിച്ചവയാണ് ദക്ഷിണാഫ്രിക്കൻ സമ്പർക്കത്തിലൂടെയുള്ള രണ്ടുപുതിയ കേസുകൾ എന്നും ഹാനോക്ക് വിശദീകരിച്ചു.
ഇതോടെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് അടിയന്തര നിയന്ത്രണം ഏർപ്പെടുത്തി. ദക്ഷിണാഫ്രിക്കയിൽ ഈയിടെ പോയവരോ, അത്തരക്കാരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോ ഉടൻ ക്വാറന്റൈനിൽ പോകണമെന്നും സർക്കാർ നിർദ്ദേശിച്ചു. യുകെയിൽ കൂടുതൽ ഭാഗങ്ങൾ ഇതോടെ കർശനമായ ലോക് ഡൗണിലേക്ക് നീങ്ങുകയാണ്. 36,804 പോസിറ്റീവ് കേസുകളാണ് യുകെയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇത് വളരെ കൂടിയ നിരക്കാണ്.
ഇന്ത്യയിൽ അതീവജാഗ്രത
ബ്രിട്ടണിൽനിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയ ആറ് യാത്രക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. യുകെയിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി. പുതുതായി കോവിഡ് സ്ഥിരീകരിച്ചവർക്കൊപ്പം യാത്ര ചെയ്ത 50 പേരെ ക്വറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1,688 യാത്രക്കാരാണ് എത്തിയത്. ഇതിൽ 745 പേരെ ക്വാറന്റൈനിലാക്കി. യൂറോപ്പിൽ നിന്നും മധ്യേഷ്യയിൽ നിന്നും വരുന്ന യാത്രക്കാർക്ക് പുതിയ പരിശോധനാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗർഭിണികൾ, ഉറ്റവരുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർ എന്നീ വിഭാഗക്കാരെ മാത്രം ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുന്നുണ്ട്.
ബ്രിട്ടണിൽ നിന്നോ ബ്രിട്ടൺ വഴിയോ ഡൽഹിയിലെത്തിയ 11 പേർക്കും അമൃത്സറിലെത്തിയ എട്ട് പേർക്കും കൊൽക്കത്തയിലെത്തിയ രണ്ട് പേർക്കും ചെന്നൈയിലെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. അതേസമയം രാജ്യത്ത് എവിടെയും കോവിഡിന്റെ പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു.
പുതിയ കോവിഡ് വകഭേദമാണോയെന്ന് കണ്ടെത്താൻ നിലവിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിയൂട്ട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം അധികം വൈകാതെ ലഭിച്ചേക്കും.
ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുന്നതിന് മുമ്പ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ എല്ലാവരേയും ആടി-പിസിആർ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഫലം വരുന്നതുവരെ വിമാനത്താവളത്തിൽ തന്നെ തുടരാനും യാത്രക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ നാലാഴ്ചയായി ബ്രിട്ടണിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും അധികൃതർ നിരീക്ഷിച്ചു വരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിയെത്തിയ എല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു.
പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ബ്രിട്ടണിൽ നിന്നുള്ള മുഴുവൻ വിമാന സർവീസുകളും ചൊവ്വാഴ്ച അർധരാത്രി മുതൽ ഡിസംബർ 31 വരെ റദ്ദാക്കിയിരുന്നു.
വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ
കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ തടയാനുള്ള പരിശ്രമത്തിനിടെ, വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. വിമാനത്താവളങ്ങളിൽ നീണ്ട ക്യൂവും, ആശയക്കുഴപ്പവുമാണ്. ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് നിരോധനമേർപ്പെടുത്തുന്നതിന് മുമ്പ് എത്തിയവർക്ക് പരിശോധനകൾ നടത്തി വരികയാണ്. നേരത്തെ തന്നെ ബുക്ക് ചെയ്തിട്ട്‌പോലും പലർക്കും 9 മണിക്കൂർ വരെയൊക്കെ കാത്തിരിക്കേണ്ടി വരുന്നു. ശരിയായ ആശയവിനിമയം നടക്കുന്നില്ലെന്ന് മാത്രമല്ല, സാമൂഹിക അകലവും പാലിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.
മറുനാടന് ഡെസ്ക്