ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം തൊണ്ണൂറായിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93249 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 20-ന് ശേഷം രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 2020 സെപ്റ്റംബർ 20 ന് 92,605 കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 513 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 60048 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 1,24,85,509 ആയി ഉയർന്നു. 1,16,29,289 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 1,64,623 ആയി. നിലവിൽ ചികിത്സയിലുള്ളത് 6,91,597 പേരാണ്. രാജ്യത്ത് ഇതുവരെ 7,59,79,651 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

തുടർച്ചയായ 25-ാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 93.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്‌ഗഢ്, ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണർത്തുന്ന തരത്തിൽ കേസുകൾ വർധിക്കുന്നത്. മഹാരാഷ്ട്രയിൽ സ്ഥിതി രൂക്ഷമാണ്.

രാജ്യത്തെ ആകെ കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളിൽ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്. ശനിയാഴ്ച മാത്രം മുംബൈയിൽ 9000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന രോഗബാധയാണ് ഇത്.

കോവിഡ് രണ്ടാംതരംഗത്തിനെതിരെ കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കണ്ണൂർ അടക്കം 6 ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര, കേരളം, കർണ്ണാടകം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ കൂടുകയാണ്. ഓണത്തിന് ശേഷം കേരളം വലിയ വെല്ലുവിളി നേരിടുകയാണ്. ഏറ്റവും നന്നായി പ്രതിരോധിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാൽ, രോഗം മാറിയെന്ന് ആളുകൾ ധരിച്ചതോടെ പ്രതിരോധം പാളി. വാക്‌സിനോട് ആളുകൾ വിമുഖതയും കാണിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. ആളുകൾ മാത്രമല്ല നിയന്ത്രണത്തിൽ ഭരണകൂടങ്ങൾക്കും വീഴ്ച പറ്റിയെന്നും ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.