ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണെന്ന റിപ്പോർട്ട്. നാൽപത്തിയാറായിരം പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതെങ്കിൽ ഇന്ന് പുറത്ത് വന്ന കണക്കനുസരിച്ച് 40715 പേർക്ക് കോവിഡ് ബാധിച്ചതായാണ് വിവരം.

മുംബൈയിലും, പുണെയിലുമുൾപ്പടെ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടും മഹാരാഷ്ട്രയിലെ കോവിഡ് ആശങ്കയ്ക്ക് ശമനമില്ല. പഞ്ചാബ്, കേരളം, കർണാടക, തമിഴ്‌നാട്, ഛത്തിസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആയിരത്തിലധികം കേസുകൾ ഉണ്ട്. ഡൽഹിയിലും പ്രതിദിനം 800 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയിൽ കൊവിഡിന്റെ വ്യാപന തോത് കൂടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു ഒരാളിൽ നിന്ന് ഒന്നിലധികം പേരിലേക്ക് രോഗം പകരും വിധം വൈറസിന്റെ വ്യാപന ശേഷി കൂടിയതായി ലോകാരോഗ്യ സംഘടനയുടേതടക്കം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കണക്ക് ഉയരുന്നതിനിടെ ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തിൽ ആയിരകണക്കിനാളുകൾ മാസ്‌ക് പോലുമില്ലാതെ തടിച്ചു കൂടിയ ദൃശ്യങ്ങൾ പുറത്തുവന്നു.

അതിനിടെ രാജ്യത്ത് ഉപയോഗിക്കുന്ന വാക്‌സീനുകൾ സുരക്ഷിതമാണെന്ന് കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തു വന്നു. വാക്‌സിൻ കുത്തിവെക്കുന്നവരിൽ ചോര കട്ടപിടിക്കുന്നതുൾപ്പടെയുള്ള പാർശ്വഫലങ്ങളില്ലെന്നാണ് കേന്ദ്രം നിയോഗിച്ച സംഘം കണ്ടെത്തിയത്. കൊവിഷീൽഡ് കുത്തിവയ്ക്കുന്നവരിൽ രക്തം കട്ടപിടിക്കുന്നുവെന്ന പ്രചരണം ശക്തമായതിനെ തുടർന്നാണ് പാർശ്വഫലങ്ങളെക്കുറിച്ച് പഠിക്കാൻ ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിച്ചത്.