- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് രണ്ടാം ദിവസവും വാക്‌സീൻ ക്ഷാമം രൂക്ഷം; തിരുവനന്തപുരവും ആലപ്പുഴയുമടക്കം അഞ്ച് ജില്ലകളിൽ വിതരണം മുടങ്ങി; പാലക്കാട് ശനിയാഴ്ച നടത്തേണ്ട മാസ് വാക്‌സിനേഷൻ ക്യാംപ് നീട്ടി; രണ്ട് ലക്ഷം കോവിഷീൽഡ് വാക്‌സിൻ ഇന്ന് എത്തുമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും വാക്‌സീൻ ക്ഷാമം രൂക്ഷമായതോടെ പലയിടത്തും മാസ് വാക്‌സീനേഷൻ ക്യാംപുകളുടെ എണ്ണം വെട്ടിച്ചുരുക്കി. തിരുവനന്തപുരം, ആലപ്പുഴ ഉൾപ്പടെ അഞ്ച് ജില്ലകളിലെ വാക്‌സീൻ കേന്ദ്രങ്ങളിൽ ആവശ്യത്തിന് മരുന്ന് എത്തിയില്ല. എറണാകുളത്ത് സ്വകാര്യ ആശുപത്രികളിലെ വാക്‌സീൻ വിതരണം ഭൂരിഭാഗവും നിർത്തലാക്കി.
സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഇന്നത്തേക്ക് മാത്രമുള്ള വാക്‌സീനാണ് നിലവിൽ ബാക്കിയുണ്ടായിരുന്നത്. . ഇന്ന് വൈകീട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ 2 ലക്ഷം കൊവിഷീൽഡ് വാക്‌സീൻ എത്തുന്നത് താത്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
കൂട്ടപ്പരിശോധനയിൽ കൂടുതൽ പേർ പോസിറ്റിവാകുന്ന സാഹചര്യത്തിൽ വാക്‌സിൻ ക്ഷാമം വലിയ പ്രതിസന്ധിയാണ് ഉയർത്തുന്നത്. ആലപ്പുഴ ജില്ലയിലെ മുഹമ്മ, തണ്ണീർമുക്കം തുടങ്ങി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വാക്‌സീൻ എത്താത്തതിനാൽ മിക്കയിടത്തും വാക്‌സിൻ വിതരണം നിർത്തിവെച്ചു.
ഇടുക്കി ജില്ലയിൽ 58 വാക്‌സീൻ കേന്ദ്രങ്ങളുണ്ടായിരുന്നത് 30 ആക്കി ചുരുക്കി. തിരുവനന്തപുരത്തും ആകെയുള്ള 188 കേന്ദ്രങ്ങളിൽ വാക്‌സീൻ ലഭ്യമായത് 24 എണ്ണത്തിൽ മാത്രം. ഈ കേന്ദ്രങ്ങളിലായി 6000 ഡോസ് വാക്‌സീൻ വിതരണം തുടരുകയാണ്.
പാലക്കാടും നാളെ നടത്താനിരുന്ന മാസ് വാക്‌സിനേഷൻ ക്യാംപ് നീട്ടി വയ്ക്കുന്നതായി ഡിഎംഒ ഓഫീസ് അറിയിച്ചു. 12,000 ഡോസ് കൊവിഷീൽഡ് ആണ് ഇന്ന് പാലക്കാട് വിതരണം ചെയ്യുന്നത്. എറണാകുളത്ത് ലഭ്യമായ 38,000 ഡോസ് വാക്‌സീനിൽ 97 കേന്ദ്രങ്ങളും സർക്കാർ മേഖലയിലാണ്. സ്വകാര്യ ആശുപത്രികളിൽ ബുക്ക് ചെയ്തവർക്ക് വാക്‌സീൻ ലഭ്യമായിട്ടില്ല.
സർക്കാർ ആശുപത്രികൾ വഴിയുള്ള വിതരണത്തിനാണ് പ്രാമുഖ്യമെന്ന് ജില്ല ആരോഗ്യവിഭാഗം വ്യക്തമാക്കി. വാക്‌സീൻ ക്ഷാമം രൂക്ഷമെന്ന റിപ്പോർട്ടുകൾ വന്നതോടെ കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്കാണ്. ഇന്നത്തോടെ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും വാക്‌സീൻ തീരുന്ന സാഹചര്യമാണ്.
ഇന്ന് വൈകീട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് 2ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സീൻ എത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മാസ് വാക്‌സിനേഷൻ പൂർണ്ണതോതിൽ നടത്താൻ കഴിഞ്ഞില്ലെങ്കിലും ക്യാംപുകൾ മുടങ്ങില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.
ന്യൂസ് ഡെസ്ക്