- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു; ഇന്ന് രാവിലെ കോവിഡിൽ ജീവഹാനിയുണ്ടായത് ഏഴു പേർക്ക്; മരണ നിരക്ക് അനുദിനം കൂടമെന്ന ഭയപ്പാട് സൃഷ്ടിച്ച് അത്യാഹിതങ്ങൾ; മരിച്ചത് ഒന്നര വർഷമായി ജയിലിൽ കഴിയുന്ന മണികണ്ഠൻ; വിചാരണ തടവുകാരന്റെ മരണത്തിൽ സമ്പർക്കം കണ്ടെത്താനാവാത്തത് ആശങ്ക കൂട്ടുന്നു; കോവിഡിൽ കേരളത്തിലും സൂപ്പർ സ്പ്രെഡ്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം. വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ, ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ (63), കോന്നി സ്വദേശി ഷഹറുബാൻ (54), ചിറയിൻകീഴ് സ്വേദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂർ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മരണ നിരക്ക് കൂടുമെന്ന സൂചനയാണ് ഇന്ന് രാവിലെയുള്ള കണക്കുകൾ നൽകുന്നത്.
പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠൻ (72) ആണ് മരിച്ചത്. നാലു ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ഒന്നര വർഷമായി ജയിലിൽ കഴിയുന്ന മണികണ്ഠന് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.
മണികണ്ഠന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തടവുകാരിലും ജയിൽ ജീവനക്കാരിലും നടത്തിയ പരിശോധനയിൽ 217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ പൂജപ്പുര ജയിലിൽ തന്നെ ഒരുക്കിയിരിക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആദ്യമായാണ് കേരളത്തിലെ തടവു പുള്ളി കോവിഡ് ബാധിച്ച് മരിക്കുന്നത്. കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിലായത്.
ശ്വാസകോശ അർബുദത്തിന് ചികിത്സയിലായിരുന്ന വയനാട് സ്വദേശി ആലിയെ ജൂലായ് 28ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് വിവാഹച്ചടങ്ങുകൾ നടത്തിയതിനെ തുടർന്ന് കോവിഡ് വ്യാപനമുണ്ടായ മേഖലയാണ് വാളാട്. ഈ വാളാട് ക്ലസ്റ്ററിൽ ഉൾപ്പെട്ട പ്രദേശത്തെ താമസക്കാരനായിരുന്നു അലി. പുലർച്ചെ മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് കണ്ണൂർ സ്വദേശി കൃഷ്ണൻ മരിച്ചത്. വ്യാഴാഴ്ചയോടെയാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.
ശനിയാഴ്ച രാത്രിയോടെയാണ് ആലപ്പുഴ സ്വദേശിയായ സദാനന്ദൻ മരിച്ചത്. ജൂലായ് അഞ്ചു മുതൽ ഇദ്ദേഹം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയം, കരൾ, വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
കോന്നി സ്വദേശി ഷഹറുബാൻ (54) ആണ് പത്തനംതിട്ടയിൽ മരിച്ചത്. ശനിയാഴ്ച മരിച്ച തിരുവനന്തപുരം ചിറയിൻകീഴ് സ്വേദേശി രമാദേവി (68) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മരിച്ച പരവൂർ സ്വദേശി കമലമ്മ (85)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇവരുടെ മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ അതിനു മുൻപുതന്നെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു.
കേരളത്തിൽ ഇന്നലെ് 1608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 151 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 118 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 106 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 91 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 85 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 81 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 74 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 52 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 49 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 48 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 39 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേർക്കുമാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.
7 മരണമാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 4ന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ഓഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ഓഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവൻ (64), ഓഗസ്റ്റ് 8ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81), ഓഗസ്റ്റ് 11ന് മരണമടഞ്ഞ എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), ഓഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ഓഗസ്റ്റ് 7 ന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 146 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1409 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 313 പേർക്കും, മലപ്പുറം ജില്ലയിലെ 307 പേർക്കും, കോഴിക്കോട് ജില്ലയിലെ 134 പേർക്കും, ആലപ്പുഴ ജില്ലയിലെ 106 പേർക്കും, എറണാകുളം ജില്ലയിലെ 99 പേർക്കും, കൊല്ലം ജില്ലയിലെ 86 പേർക്കും, തൃശൂർ ജില്ലയിലെ 77 പേർക്കും, കാസർഗോഡ് ജില്ലയിലെ 71 പേർക്കും, പാലക്കാട് ജില്ലയിലെ 49 പേർക്കും, കണ്ണൂർ ജില്ലയിലെ 47 പേർക്കും, വയനാട് ജില്ലയിലെ 40 പേർക്കും, കോട്ടയം ജില്ലയിലെ 33 പേർക്കും, പത്തനംതിട്ട ജില്ലയിലെ 31 പേർക്കും, ഇടുക്കി ജില്ലയിലെ 16 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
31 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 19, തിരുവനന്തപുരം ജില്ലയിലെ 6, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
മറുനാടന് മലയാളി ബ്യൂറോ