- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരക്ക് വാഹനങ്ങളും അന്തർസംസ്ഥാന യാത്രകൾക്കും തടസ്സമുണ്ടാക്കരുതെന്ന് കേന്ദ്രം; കോവിഡ് ഭേദമായി ആശുപത്രി വിടുന്നവർക്ക് ഇനി നിർബന്ധ ക്വാറന്റൈൻ വേണ്ടെന്ന് സംസ്ഥാന മാർഗ്ഗ നിർദ്ദേശം; ലോ റിസക് പ്രാഥമിക സമ്പർക്കത്തിൽ പെട്ടവർ യാത്രകൾ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ്; 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടനയും; കേരളത്തിൽ രോഗ വ്യാപനം ഒക്ടോബറിൽ ഉച്ചസ്ഥായിയിൽ എത്തുമെന്ന് ഗവേഷകർ; കോവിഡ് ഭീതി തുടരുമ്പോൾ
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ചരക്ക് വാഹനങ്ങൾക്കും അന്തർസംസ്ഥാന യാത്രകൾക്കും തടസ്സമുണ്ടാകരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തടയുന്നതു പലപ്രശ്നങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് ഇത്.
അതിനിടെ വൈറസ് പടർന്ന് പിടിക്കുമ്പോഴും കേന്ദ്രം അവകാശവാദവുമായി നിറയുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. 75 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 'കോവിഡ് കേസുകൾ കൂടുകയാണ്. അത് ആശങ്കയുണർത്തുന്ന കാര്യമാണെങ്കിലും മരണനിരക്ക് വളരെ കുറവാണ്. 1.87 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മരണനിരക്ക്. 1500ഓളം കോവിഡ് പരിശോധനാ ലാബുകളാണ് രാജ്യത്തുള്ളത്. അത് തന്നെ മികച്ചനേട്ടമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പത്ത് ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഈ നേട്ടം നാഴികക്കല്ലാണ്'. ഇതുവരെ 3.4 കോടി ടെസ്റ്റുകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു.
കേരളം ക്വാറന്റൈൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. കോവിഡ് ഭേദമായി ആശുപത്രി വിട്ടവർക്ക് ഇനിമുതൽ ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീനില്ല. സംസ്ഥാനത്തെ പുതുക്കിയ ക്വാറന്റൈൻ മാർഗരേഖയിലാണ് ഇക്കാര്യം പറയുന്നത്. നിർബന്ധിത ക്വാറന്റൈൻ ഇല്ലെങ്കിലും കോവിഡ് ഭേദമായവർ ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പർക്കവും ഒഴിവാക്കണമെന്നാണ് പുതിയ നിർദ്ദേശം. അതേസമയം ഹൈ റിസ്‌ക് പ്രാഥമിക സമ്പർക്കം ഉള്ളവർക്ക് 14 ദിവസം റൂം ക്വാറന്റൈൻ നിർബന്ധമാണ്. എന്നാൽ പുതിയ മാർഗരേഖയിൽ ലോ റിസ്‌ക് പ്രാഥമിക സമ്പർക്കത്തിൽ പെട്ടവർക്ക് റൂം ക്വാറിന്റീനില്ല. ലോ റിസക് പ്രാഥമിക സമ്പർക്കത്തിൽ പെട്ടവർ യാത്രകൾ ഒഴിവാക്കണം. കേരളത്തിന് പുറത്തുനിന്നുവരുന്നവർക്ക് 14 ദിവസം ക്വാറന്റൈൻ നിർബന്ധമാണെന്നും പുതിയ മാർഗരേഖയിൽ പറയുന്നു
കുട്ടികളും രോഗവാഹകരാകുമെന്ന മുന്നറിയിപ്പു നൽകി ലോകാരോഗ്യ സംഘടനയും രംഗത്തു വന്നു. 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ലോകാരോഗ്യസംഘടന പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. മുതിർന്നവർക്ക് ബാധിക്കുന്ന അതേ രീതിയിൽ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ തന്നെ 12 വയസ്സും അതിനുമുകളിൽ പ്രായമുള്ളവരും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമാണ് ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകുന്നത്.
രോഗ വ്യാപനം വലിയ രീതിയിൽ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റർ അകലം പാലിക്കാൻ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിനും അതിനുമുകളിലും പ്രായമുള്ള കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്. കോവിഡ് പകരാൻ മുതിർന്നവരിലുള്ള അതേ സാധ്യത കുട്ടികൾക്കുമുള്ളതിനാൽ ആറിനും 11നും വയസ്സിനിടയിൽ പ്രായമുള്ളവർ സാഹചര്യങ്ങൾക്കനുസരിച്ച് മാസ്‌ക് ധരിച്ചാൽ മതിയാവും. ഈ പ്രായത്തിലുള്ള കുട്ടികൾ പ്രായാധിക്യമുള്ളവരുമായി ഇടപഴകുന്നുണ്ടെങ്കിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ ഈ പ്രായത്തിലുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതുണ്ട്. സാധാരണ സാഹചര്യങ്ങളിൽ അഞ്ച് വയസ്സിനു താഴെയുള്ളവർക്ക് മാസ്‌ക് നിർബന്ധമില്ലെന്നും ലോകാരോഗ്യസംഘടനയും യുനിസെഫും സംയുക്തമായി പുറത്തിറക്കിയ കുട്ടികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ വിശദീകരിക്കുന്നു.
അതിനിടെ സംസ്ഥാനത്തെ കോവിഡ് വ്യാപനം ഒക്ടോബറിൽ ഉച്ചസ്ഥായിയിൽ എത്തുമെന്നു ഗവേഷകർ പറയുന്നു. പിന്നീട് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുവരും. വൈറസിന്റെ മാരകശേഷിയിൽ നേരിയ കുറവുണ്ടായതായും വിലയിരുത്തൽ. ഇത് മരണസംഖ്യ കുറയ്ക്കും. ഒട്ടുമിക്ക കോവിഡ് ബാധിതർക്കും ലക്ഷണങ്ങൾ പോലുമുണ്ടാകില്ല. വൈറസ്വാഹകരായ ഇവർ രോഗമറിയാതെ സമൂഹത്തിൽ രോഗം പടർത്തുന്നതാണ് ഇപ്പോഴുള്ള വിപത്ത്. കേരളത്തിൽ രോഗികളുടെ പ്രതിദിന വർധന 10000 മുതൽ 15000 വരെ എത്താനുള്ള സാധ്യതയേറെയാണ് എന്നും വിലയിരുത്തുന്നു.
ഇപ്പോൾ തന്നെ പ്രതിദിന രോഗികളുടെ എണ്ണം കൂടേണ്ടതായിരുന്നുവെന്നും ജാഗ്രതയും മൂൻകരുതലുമെടുത്തതുകൊണ്ടാണ് എണ്ണം കുറഞ്ഞു നിൽക്കുന്നതെന്നും കോവിഡ് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇ.എൻ.ടി. സർജനും ഐ.എം.എ.മുൻ സെക്രട്ടറിയുമായ ഡോ. ഹനീഷ് മീരാസ പറഞ്ഞു. വൈറസിന്റെ രോഗാണുവാഹകശക്തി കൂടിയിട്ടുണ്ട്.
എന്നാൽ, വൈറസിന്റെ മാരകശേഷിയിൽ കുറവുവന്നിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇറ്റലിയും അമേരിക്കയിലും ഉണ്ടായതുപോലുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ