തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന് മുന്നോടിയായി നടന്ന പരിശോധനയിൽ എൽദോസ് കുന്നപ്പള്ളി എംഎ‍ൽഎയുടെ പി.എയ്ക്കും ഒരു നിയമസഭ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസത്തേക്ക് നിയമസഭ സമ്മേളനം ചേരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സമ്മേളന ശേഷം എൽദോസ് കുന്നപ്പള്ളി എംഎ‍ൽഎ ക്വൊറന്റീനിൽ പോകണം.

അതേസമയം എംഎ‍ൽഎമാരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. സഭയിൽ സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കർ അനുമതി നൽകി.

വി.ഡി.സതീശൻ എംഎ‍ൽഎ ആയിരുന്നു അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുവാദം തേടിയത്. 20 ൽ കുറയാത്ത അംഗങ്ങളുടെ പിന്തുണ ഉള്ളതിനാൽ സ്പീക്കർ പ്രമേയം അനുവദിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം പ്രമേയം പരിഗണിക്കുമെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു.

സ്വർണ്ണകടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. ബിജെപി അംഗം ഒ.രാജഗോപാലും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും.