തിരുവനന്തപുരം: ഓണക്കാലത്ത് മലയാളി കാണം വിറ്റും ഓണം ഉണ്ണുകയായിരുന്നു ഇത്തവണയും. കൂട്ടത്തോടെ റോഡിൽ ഇറങ്ങിയുള്ള വാങ്ങൽ സംസ്ഥാനത്തുടനീളം കാണുകയും ചെയ്തു. ഇത് കോവിഡുകാലത്തിന് അനുയോജ്യമായിരുന്നോ എന്ന സംശയം സജീവവുമാണ്. എന്നാൽ ഇന്നലത്തെ കോവിഡ് കണക്കിൽ നിറയുന്നത് കുറവിന്റെ വിശദാംശങ്ങളാണ്. സംസ്ഥാനത്ത് ഇന്നലെ 1140 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 4 മരണങ്ങളും സ്ഥിരീകരിച്ചു. തിങ്കളാഴ്ച 1530 പേർ പോസിറ്റീവായി; മരണം 7. ഇതോടെ ഔദ്യോഗിക കണക്കു പ്രകാരം സംസ്ഥാനത്തു കോവിഡ് മരണം 298 ആയി.

കുറച്ചു ദിവസമായി 2000ത്തിൽ അധികം കോവിഡ് രോഗികൾ ദിനം പ്രതി കണ്ടെത്തിയിരുന്നു. ഇതാണ് ഇന്നലെ കുറഞ്ഞത്. ഇനിന് കാരണം രോഗവ്യാപനത്തിലെ കുറവാണെന്ന ആശ്വാസത്തിൽ മലയാളി ഇരിക്കുമ്പോഴാണ് പരിശോധനകളുടെ കുറവാണ് ഇതിന് കാരണമെന്ന റിപ്പോർട്ട് ചർച്ചയാകുന്നത്. ഓണം അവധിയെത്തുടർന്ന് ആരോഗ്യ വകുപ്പിലെ കോവിഡ് പരിശോധന കുറഞ്ഞതിനാൽ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായെന്നാണ് മനോരമയുടെ റിപ്പോർട്ട്. ഞായറാഴ്ച 27,908 സാംപിളുകളാണു പരിശോധിച്ചതെങ്കിൽ തിരുവോണ ദിവസവും ഇന്നലെയും അതു യഥാക്രമം 18,027, 14,137 എന്നിങ്ങനെയായി കുറഞ്ഞു. നിലവിൽ ചികിത്സയിലുള്ളത് 22,512 പേർ. ആകെ കോവിഡ് മുക്തി നേടിയവർ 53,653-ഇങ്ങനെയാണ് കാര്യങ്ങളെ മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

ഓണക്കാലത്ത് പരിശോധന എന്തുകൊണ്ടു കുറച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ഓണത്തിനിടെയിൽ കോവിഡിന്റെ സാമുഹ്യ വാപനം ഉണ്ടായില്ലെന്ന സന്ദേശം നൽകാനാണിതെന്ന സംശയം സജീവമാണ്. ഏതായാലും വരും ദിവസങ്ങളിലെ കോവിഡ് പരിശോധനാ നിരക്കും രോഗ ബാധിതരുടെ എണ്ണവും അതിനിർണ്ണായകമാകും. വരും ദിവസങ്ങളിൽ പരിശോധന കൂടുകയും രോഗ സ്ഥിരീകരണം കുറയുകയും ചെയ്താൽ അത് കേരളത്തിന് ആശ്വാസക്കണക്കുമാകും. കോവിഡ് അൺലോക്ക്4 ന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കേരളത്തിലും ബാധകമാണെന്നു ചീഫ് സെകട്ടറി ഡോ. വിശ്വാസ് മേത്ത ഉത്തരവായി.

കണ്ടെയ്ന്മെന്റ് സോണുകളിൽ ലോക്ക്ഡൗൺ തുടരുകയും മറ്റു സ്ഥലങ്ങളിൽ ഘട്ടങ്ങളായി ഇളവുകൾ അനുവദിക്കുകയും ചെയ്യും. അധിക നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ അത് കളക്ടർമാർ പ്രഖ്യാപിക്കുകയും ചെയ്യും. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്തുനിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 1059 പേർ സമ്പർക്ക ബാധിതരാണ്. 158 പേരുടെ ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധിച്ചു. 2111 പേർ കോവിഡ് മുക്തി നേടി.

ഇന്നലത്തെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം (227), മലപ്പുറം (191), എറണാകുളം (161), കോഴിക്കോട് (155), തൃശൂർ (133), കണ്ണൂർ (77), കോട്ടയം (62), പാലക്കാട് (42), ആലപ്പുഴ (32), കൊല്ലം (25), കാസർകോട് (15), പത്തനംതിട്ട (12), വയനാട് (8).തിരുവോണ ദിവസത്തെ കണക്ക്: തിരുവനന്തപുരം (221), എറണാകുളം (210), മലപ്പുറം (177), ആലപ്പുഴ (137), കൊല്ലം (131), കോഴിക്കോട് (117), പത്തനംതിട്ട (107), കാസർകോട് (103), കോട്ടയം (86), തൃശൂർ (85), കണ്ണൂർ (74), പാലക്കാട് (42), വയനാട് (25), ഇടുക്കി (15).

രണ്ടു ദിവസങ്ങളിലായി സ്ഥിരീകരിച്ച മരണങ്ങൾ: എറണാകുളം രാജഗിരി സ്വദേശി എൻ.വി. ഫ്രാൻസിസ് (76), കാസർകോട് അരായി സ്വദേശി ജീവൈക്യൻ (64), കാസർകോട് രാവണീശ്വരം സ്വദേശി കെ. രമേശൻ (45), തിരുവനന്തപുരം എള്ളുവിള സ്വദേശി സോമൻ (67), തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമൺ സ്വദേശി രമണി (70), കോഴിക്കോട് മൺകാവ് സ്വദേശി അലികോയ (66), തിരുവനന്തപുരം തിരുമല സ്വദേശി ജോൺ (83), ചായിക്കോട്ടുകോണം സ്വദേശി സുരേഷ് (32), കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.ടി.അബൂബക്കർ (64).

അതിനിടെ സംസ്ഥാനത്ത് സ്ഥിരീകരിക്കാതെ 22 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 2 പേർക്കു മരണശേഷമാണു കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിൽ 5 പേർ മരിച്ചു. തൃശൂർ ജില്ലയിൽ കോവിഡ് ചികിത്സയിലായിരുന്ന 4 പേർ മരിച്ചു. വീട്ടിൽ തളർന്നുവീണു മരിച്ച മറ്റൊരു യുവാവിനു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഞായറാഴ്ച വീട്ടിൽ തളർന്നുവീണു മരിച്ച ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ ഷിബിൻ (34) ആണ് ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയത്. മലപ്പുറത്തും കോഴിക്കോട്ടും 3പേർ വീതം മരിച്ചു. ആലപ്പുഴ ജില്ലയിൽ 2 പേരും പാലക്കാട്, കോട്ടയം ഇടുക്കി കണ്ണൂർ ജില്ലകളിൽ ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,96,582 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,77,488 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,094 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1466 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 16,97,042 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,78,270 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

പുതുതായി 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ (കണ്ടൈന്മെന്റ് സോൺ വാർഡ് 6, 11), വെള്ളിയാമറ്റം (സബ് വാർഡ് 1, 2, 3, 15), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാർഡ് 13), കീരമ്പാറ (സബ് വാർഡ് 13), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4), തലവൂർ (18), പാലക്കാട് ജില്ലയിലെ മലമ്പുഴ (3), കോട്ടോപ്പാടം (21), പത്തനംതിട്ട ജില്ലയിലെ റാന്നി-പഴവങ്ങാടി (8), മെഴുവേലി (1, 9), വള്ളിക്കോട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കൈനകരി (വാർഡ് 10), ആറാട്ടുപുഴ (11), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാർഡ് 2), കുഴുപ്പിള്ളി (സബ് വാർഡ് 3), കൊല്ലം ജില്ലയിലെ കുളക്കട (3, 19), പാലക്കാട് ജില്ലയിലെ നാഗലശേരി (2, 4, 6), വണ്ടാഴി (6), കണ്ണൂർ ജില്ലയിലെ കടമ്പൂർ (6 (സബ് വാർഡ്), 4, 5, 11), കുഞ്ഞിമംഗലം (13), ഉദയഗിരി (3), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ (5), നെടുമ്പ്രം (സബ് വാർഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 580 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.