കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുഴുവൻ സുരക്ഷാ ജീവനക്കാരെയും ജോലിയിൽ നിന്ന് താല്ക്കാലികമായി മാറ്റി. ആശുപത്രിയിലെ ഏഴ് സെക്യൂരിറ്റി ജീവനക്കാർക്കും ഒരു ഇൻഫോർമേഷൻ ഓഫീസർക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ള 7 സുരക്ഷാ ജീവനക്കാർ നിരീക്ഷണത്തിലാണ്. മറ്റുള്ളവരും തത്കാലം ജോലിക്കെത്തേണ്ടെന്ന് നിർദ്ദേശം നൽകുകയായിരുന്നു. പകരമായി ശുചീകരണതൊഴിലാളികൾക്ക് സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്.

ജില്ലയിൽ 519 പേർ കൂടി ഇന്നലെ കോവിഡ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് 15127 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. 91887 പേർ നിരീക്ഷണം പൂർത്തിയാക്കി. 1851 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 250 പേർ ഡിസ്ചാർജ്ജ് ആയി.

ഇന്നലെ 3424 സ്രവ സാംപിൾ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,91,704 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,88,244 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 1,82,669 എണ്ണം നെഗറ്റീവ് ആണ്. പുതുതായി വന്ന 294 പേർ ഉൾപ്പെടെ ആകെ 3404 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 554 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും, 2,785 പേർ വീടുകളിലും, 65 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ ഒമ്പത് പേർ ഗർഭിണികളാണ്. ഇതുവരെ 32866 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.