കോഴിക്കോട്: കുന്ദമംഗംലം വെള്ളന്നൂരിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ടീം ബി ചാരിറ്റബിൾ ട്രസ്റ്റിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ മാനേജർ എന്ന് പറയപ്പെടുന്ന പൂവാട്ടുപറമ്പ് കളരിപുറായിയിൽ കോളനിയിൽ താമസിക്കുന്ന യാസർ അറഫാത്തിനെയാണ് കുന്ദമംഗലം പൊലീസ് എസ്ഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ വെള്ളന്നൂർ കോട്ടോൽ കുന്നിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ ഹോസ്റ്റലിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കഴിയുന്നുണ്ടെന്ന പരാതിയെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ തടയുകയും പൊലീസിന് നേരെ കയ്യേറ്റ ശ്രമം നടത്തിയതിനുമാണ് യാസർ അറഫാത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സ്ഥാപനത്തിന് സർ്ക്കാറിന്റെ അനുമതിയില്ലെന്നും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

രണ്ടു മാസം മുമ്പ് ഹോസ്റ്റലിൽ താമസിച്ച യുവതിയുടെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഈ കേസ്സ് പൊലീസ് അന്വേഷിച്ച് വരികയാണ്. ട്രസ്റ്റിന്റെ ഭാരവാഹികളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രക്ഷാധികരികളായി ചിലരുടെ പേരുകൾ ട്രസ്റ്റിൽ എഴുതി വെച്ചിട്ടുണ്ട്. ഇവരെ കുറിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

നേരത്തെ ആത്മീയ ചികിത്സ നടത്തുന്ന സ്ത്രീയുടെ തിരോധാനവുമായി ബന്ധപ്പെട്ടും ഈ സ്ഥാപനത്തിനെതിരെ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയിലാണ് ഇപ്പോൾ പൊലീസിന് നേരെ കയ്യേറ്റ ശ്രമമുണ്ടായിരിക്കുന്നതും സ്ഥാപനത്തിന്റെ മാനേജറെന്ന് അവകാശപ്പെടുന്ന ആളെ അറസ്റ്റ് ചെയ്തിരിക്കുന്നതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സമിതി അംഗമായ ബഷീർ പൂവ്വാട്ടുപറമ്പ് എന്നയാൾ ചെയർമാനായിട്ടുള്ള സ്ഥാപനമാണ് ടീം ബി ചാരിറ്റബിൾ ട്രസ്റ്റ്. പൂവ്വാട്ടുപറമ്പിലും വെള്ളന്നൂരിലുമായി രണ്ട് ഹോസ്റ്റലുകളാണ് സ്ഥാപനത്തിനുള്ളത്. രോഗികളും മാനസികപ്രശ്‌നങ്ങളുമുള്ള ചിലയാളുകളും വീടില്ലാത്ത അനാഥരായ ചിലയാളുകളുമാണ് രണ്ടിടങ്ങളിലുമായുള്ളത്.

വെള്ളന്നൂരിലെ സ്ഥാപനത്തിൽ സർക്കാർ ജീവനക്കാരിയായ ഒരു സ്ത്രീയും താമസിച്ചിരുന്നു. കുടുംബപ്രശ്‌നങ്ങൾക്ക് ഇടനിലക്കാരായി നിന്ന് പരിഹാരം കണ്ടെത്തുകയും അവരിൽ നിന്ന് പണം കൈപറ്റിയുമാണ് ട്രസ്റ്റിന്റെ പ്രവർത്തനം. ഈ ട്രസ്റ്റിനെതിരെയും നടത്തിപ്പുകാർക്കെതിരെയും ഗുരുതര ആരോപണങ്ങൾ നേരത്തെയും ഉയർന്നു വന്നിരുന്നു.

ട്രസ്റ്റിന്റെ ഹോസ്റ്റലിൽ കുറച്ചുകാലം താമസിച്ചിരുന്ന റൈഹാനത്ത് എന്ന സ്ത്രീയെ ട്രസ്റ്റ് ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം ഉപദ്രവിച്ചതായി പരാതിയുണ്ടായിരുന്നു. യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ട്രസ്റ്റ് ചെയർമാൻ ഒളിവിൽ പോവുകയും ചെയ്തിരുന്നു. ട്രസ്റ്റിന്റെ സ്ഥാപനങ്ങളിൽ നിന്നും നേരത്തെ കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു. വിവിധയിടങ്ങളിലായി ഇവർ താമസിപ്പിച്ചിരിക്കുന്നവരിൽ പോസ്‌കോ കേസിലെ പ്രതികളും മോഷണക്കേസുകളിലെ പ്രതികളുമുണ്ട്.

ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന യാസർഅറഫാത്തും നേരത്തെ മഞ്ചേരിയിൽ മോഷണക്കേസിൽ അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഒരു യുവാവും ചേർന്ന് ട്രസ്റ്റിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നതായും ആരോപണമുണ്ട്.