കണ്ണൂർ: കണ്ണവത്ത് ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. തലശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

വെട്ടേറ്റ ഉടനെ സലാഹുദ്ദീനെ തലശേരി ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. പക്ഷേ, ആശുപത്രിയിലെത്തിയപ്പോഴേക്കും സലാഹുദ്ദീന്റെ മരണം സംഭവിച്ചിരുന്നു. തുടർന്നാണ് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് ഇപ്പോൾ സലാഹുദ്ദീന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നത്.

2018 ജനുവരിയിൽ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീൻ. പ്രതികാരക്കൊലയാകാനാണ് സാധ്യതയെന്നും പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. വൈകിട്ടോടെ, കാറിൽ പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം സലാഹുദ്ദീനെ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ വച്ചാണ് സംഭവം. സഹോദരിമാരോടൊപ്പം സലാഹുദ്ദീൻ കാറിൽ പോകവേ ഒരു ബൈക്ക് വന്നു തട്ടി. രണ്ടാളുകൾ നിലത്തു വീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുതന്നെ സലാഹുദ്ദീൻ മരിച്ചു. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

മുപ്പതുകാരനായ സലാഹുദ്ദീന് രണ്ട് മക്കളുണ്ട്. കണ്ണവത്തെ എസ്ഡിപിഐ പ്രാദേശിക നേതാവായ സലാഹുദ്ദീൻ ശ്യാമപ്രസാദ് കൊലക്കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.