ഡാളസ്: ടെക്‌സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ കോവിഡ് വ്യാപനത്തിൽ വീണ്ടും വർധന. ചൊവാഴ്ച മാത്രം 1716 പുതിയ പോസിറ്റിവ് കേസുകളം ഏഴ് മരണവും സംഭവിച്ചതായി കൗണ്ടി ജഡ്ജി ക്ലെ ജിങ്കിൻസ് അറിയിച്ചു.

താങ്ക്‌സ് ഗിവിങ് ഒഴിവുദിനങ്ങൾ ആരംഭിച്ച ഉടനെതന്നെ ഇത്രയും വർധന സംഭവിച്ചുവെങ്കിൽ ഈ ആഴ്ച പൂർത്തിയാകുന്നതിനു മുൻപ് സ്ഥിതി അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.താങ്ക്‌സ്ഗിവിംഗിനോടുനുബന്ധിച്ചുള്ള ഷോപ്പിങ് ഈ വർഷം ഒഴിവാക്കണമെന്നും വീടുകളിലും പൊതുസ്ഥലങ്ങളിലും ഒന്നിച്ചുവരുന്നതും യാത്ര ചെയ്യുന്നതും പരിമിതപ്പെടുത്തണമെന്നും ജഡ്ജി അഭ്യർത്ഥിച്ചു.

ഗാർലന്റിൽ ഒരു യുവാവും മസ്‌കിറ്റിൽ 60 വയസുകാരനും ഡാളസിൽ 70 കാരനും ഉൾപ്പടെ ഏഴ് പേരാണ് ചൊവ്വാഴ്ച മരണപ്പെട്ടത്.

ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടികളായ ഡാളസ് കൗണ്ടി (120999), ടറന്റ് കൗണ്ടി (94687), കോറിൽ കൗണ്ടി (26325), ഡന്റൻ കൗണ്ടി (22351) എന്നിവ ഉൾപ്പെടുന്ന നോർത്ത് ടെക്‌സസിലും കോവിഡ് കേസുകൾ വർധിച്ചു വരുന്നു. ടെക്‌സസ് സംസ്ഥാനത്തു മാത്രം ഇതുവരെ 1.15 മില്യൺ പോസിറ്റിവ് കേസുകളും 21000 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.