ഓസ്റ്റിൻ: ടെക്സസിൽ കോവിഡ് 19 വ്യാപകമായതിനുശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻവർധന. നവംബർ ആറാം തീയതി ഞായറാഴ്ച സംസ്ഥാനത്ത് 8,681 കോവിഡ് 19 രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ റിക്കാർഡിട്ടു. (9000).

ഞായറാഴ്ച 92 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ ഡേറ്റാ അനുസരിച്ച് ടെക്സസിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 23,055 ആണ്. അമേരിക്കയിൽ ഇത്രയും അധികം രോഗികൾ മരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ടെക്സസ്.

കഴിഞ്ഞ രണ്ടാഴ്ചയിൽ രോഗികളുടെ എണ്ണം 24.8 ശതമാനമാണ് വർധിച്ചിട്ടുള്ളത്. കൊറോണ വൈറസ് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ വളരെ അധികമായിരിക്കുമെന്നാണ് അധികൃതരുടെ അനൗദ്യോഗിക റിപ്പോർട്ട്.

ടെക്സസിലേക്ക് 1.4 മില്യൻ ഡോസ് കോവിഡ് 19 വാക്സിൻ ആദ്യഘട്ടമായി അയച്ചിട്ടുണ്ടെന്ന് സി.ഡി.സി അറിയിച്ചതായി ഗവർണർ ഗ്രേഗ് ഏബട്ട് പ്രസ്താവനയിൽ പറഞ്ഞു. ഡിസംബർ 14-ന് വാക്സിൻ ടെക്സസിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.