ഫ്ളോറിഡ: രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരം പേർ കോവിഡ് 19 ബാധിച്ച് മരിച്ചതോടെ ഫ്ളോറിഡയിൽ 2020 ഡിസംബർ 26 ശനിയാഴ്ച വരെ മരിച്ചവരുടെ എണ്ണം 21,000 കഴിഞ്ഞതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അധികൃതർ ശനിയാഴ്ച വൈകിട്ട് വെളിപ്പെടുത്തി.

കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ ഇതുവരെ ഫ്ളോറിഡ സംസ്ഥാനത്തെ സ്ഥിരം താമസക്കാരല്ലാത്ത 302 പേർ ഉൾപ്പടെ 21,135 പേരാണ് മരിച്ചത്. ശനിയാഴ്ച സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം 5,647 ആണ്.

സംസ്ഥാനത്ത് ശനിയാഴ്ച വരെയുള്ള കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,64,588 ആണ്. ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിച്ച വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 17,042 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നവംബർ 25 മുതൽ ഡിസംബർ 26 വരെ 15.8 ശതമാനം രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്ന് ഗവർണർ അറിയിച്ചു.

ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് ഫ്ളോറിഡ അമേരിക്കയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള നാലാമത്തെ സംസ്ഥാനമാണ്. ന്യൂയോർക്ക്, ടെക്സസ്, കലിഫോർണിയ എന്നിവയാണ് മറ്റ് മൂന്നു സംസ്ഥാനങ്ങൾ.