ഹൂസ്റ്റൺ: കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു കവിയുന്ന ആശുപത്രികൾ, പുതിയ വാർഡുകൾ തുറക്കാൻ നിർബന്ധിതരായി ആശുപത്രി അധികൃതർ... ഹൂസ്റ്റണിലെ അവസ്ഥയാണിത്. കോവിഡ് ടെസ്റ്റിന് എത്തുന്നവരുടെ സംഖ്യ നിയന്ത്രണാതീതമായി വരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ നിങ്ങൾ വീട്ടിൽ തന്നെ കഴിയണമെന്ന അഭ്യർത്ഥനയുമായി ഹൂസ്റ്റണിലെ ഏറ്റവും തിരക്കേറിയ യുണൈറ്റഡ് മെമോറിയൽ മെഡിക്കൽ സെന്ററിലെ ഡോ. ജോസഫ് വാറൻ രംഗത്തെത്തി.

ഹൂസ്റ്റണിൽ സ്ഥിതിഗതികൾ വളരെ ഗുരുതരമായി കഴിഞ്ഞിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനം വീഴ്ച വരുത്തുന്നു. യാത്രകളും കൂട്ടംകൂടലും വർധിക്കുന്നു, താങ്ക്സ് ഗിവിങ്ങ്, ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞതോടെ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും, ഇനിയും അടുത്തു വരുന്ന ന്യുഇയർ ആഘോഷങ്ങൾ കഴിയുന്നതോടെ കോവിഡ് വ്യാപനം അനിയന്ത്രിതമാകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസ് ഇവിടെ തന്നെയുണ്ട്, അതു എവിടേക്കും പോകുന്നില്ല, അതു മനസിലാക്കി പ്രവർത്തിക്കണം. ന്യുഇയർ ആഘോഷങ്ങൾക്ക് ആരും പുറത്തുപോകരുത്. വീട്ടിൽ തന്നെ ആഘോഷിക്കുന്നവരുണ്ടെങ്കിൽ പത്തുപേരിൽ കവിയരുതെന്നും ഡോക്ടർ പറഞ്ഞു. ഹാരിസ് കൗണ്ടിയിൽ മാത്രം കൊറോണ വൈറസ് പോസിറ്റിവ് സ്ഥിരീകരിച്ചവരുടെ ശതമാനം ചൊവ്വാഴ്ച വൈകിട്ട് 13.4 ആയി ഉയർന്നിരിക്കുന്നു. ഓഗസ്റ്റ് മധ്യത്തിനുശേഷം ആദ്യമായാണ് ഇത്രയും വർധന ഉണ്ടായിരിക്കുന്നത്.

ഹൂസ്റ്റണിലെ പ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടിയിൽ തുടർച്ചയായി മൂന്നാം ദിവസവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ ശതമാനം 15 ആയി വർധിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയും വീട്ടിൽ തന്നെ കഴിയുകയുമാണ് കോവിഡ് വ്യാപനം തടയുന്നതിന് ഉചിതമായ മാർഗം എന്നാണ് നിർദ്ദേശം.