- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ നൽകുന്നതിന്റെ മോക് ഡ്രിൽ; വിവരങ്ങൾ അപ് ലോഡ് ചെയ്യൽ... തുടങ്ങി ഡ്രൈ റണ്ണിലൂടെ ലക്ഷ്യമിടുന്നത് വാക്സിനേഷനിലെ ആസൂത്രണം കാര്യക്ഷമമാക്കലും വെല്ലുവിളികൾ തിരിച്ചറിയലും; സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിന് അനുമതി നൽകിയേക്കും; ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന് രാജ്യം സജ്ജമാകുമ്പോൾ
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് തയ്യാറെടുക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി കോവിഡ് വാക്സിനേഷന്റെ ഡ്രൈ റൺ ജനുവരി രണ്ട് മുതൽ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തും. വാക്സിനേഷൻ നൽകുന്നതിന്റെ ആസൂത്രണം എങ്ങനെയാണെന്നും വെല്ലുവിളികൾ എന്തൊക്കെയാണെന്നും പരിശോധിക്കാനാണ് ഡ്രൈ റൺ.
കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നിർണായക യോഗം ചേരാനിരിക്കെയാണ് ഡ്രൈ റൺ. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ മൂന്ന് സെഷൻ ആയി നടത്താനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈ റൺ നടത്താൻ വേണ്ട സൗകര്യങ്ങൾ ചെയ്യാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
സാങ്കേതികതയുടെ സഹായത്തോടെ കോവിഡ് വാക്സിൻ വിതരണ സംവിധാനം സജ്ജമാക്കൽ, വിവരങ്ങൾ അപ്ലോഡ് ചെയ്യൽ, ജില്ലകളിൽ വാക്സിനുകൾ സ്വീകരിക്കുന്നതും വാക്സിനേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വാക്സിനേഷൻ ടീമിനെ വിന്യസിക്കൽ, സെഷൻ സൈറ്റിൽ സാധനങ്ങൾ എത്തിക്കൽ, വാക്സിനേഷൻ നടത്തുന്നതിന്റെ മോക്ക് ഡ്രിൽ, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിൽ ഉൾപ്പെടുന്നു.
അതിനിടെ കോവിഡ് വാക്സിന്റെ ഉപയോഗത്തിന് ഉടൻ അനുമതി നൽകിയേക്കുമെന്ന് സൂചന നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഡോ. വിജി സോമനി രംഗത്തു വന്നു . കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നിർണായക യോഗം ചേരാനിരിക്കെയാണ് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ സൂചന. നേരത്തെ നാല് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ വിജയകരമായി സംഘടിപ്പിച്ചിരുന്നു.
ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗർ, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിങ് നഗർ (നവൻഷഹർ), അസമിലെ സോണിത്പുർ, നൽബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റൺ നടത്തിയത്. തുടർന്ന് സംസ്ഥാന-ജില്ല പ്രോഗ്രാം ഓഫീസർമാരുമായി ചേർന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അവലോകന യോഗം നടത്തിയിരുന്നു. ഡ്രൈറൺ വിജയകരമായി പൂർത്തിയാക്കിയതായി വ്യക്തമായതിനെ തുടർന്നാണ് എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈറൺ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാകും വാക്‌സിൻ ഡ്രൈ റൺ നടക്കുക. കേന്ദ്ര ആരോഗ്യസെക്രട്ടറി അധ്യക്ഷനായ ഉന്നതതലയോഗം ഇതിനുള്ള നിർദ്ദേശങ്ങൾ നൽകി. വാക്‌സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനുള്ളതാണ് ഡ്രൈറൺ. പുതുവർഷത്തിന്റെ തുടക്കത്തിൽ വാക്‌സിൻ വരുമെന്ന സൂചനകളുമുണ്ട്. .സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസർ എന്നീ കമ്പനികളുടെ വാക്‌സിനുകളാണ് ഇന്ത്യയിൽ ഉപയോഗത്തിനായി വിദഗ്ധസമിതിക്ക് മുന്നിലുള്ളത്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്‌സഫഡ് സർവകലാശാലയുമായും ആസ്ട്രാസെനകയുമായും സഹകരിച്ച് നിർമ്മിച്ച കൊവിഷീൽഡിനാണ് ഇതിൽ അനുമതിക്ക് സാധ്യത.
മറുനാടന് മലയാളി ബ്യൂറോ