ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വാക്‌സിൻ കുത്തിവയ്‌പ്പ് ബുധനാഴ്ച തുടങ്ങുമെന്ന് സൂചന. ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ച്, പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന 'കോവിഷീൽഡ്' വാക്‌സീൻ ദിവസങ്ങൾക്കുള്ളിൽ കുത്തിവയ്പു തുടങ്ങും.

ഇന്നു നടക്കുന്ന വാക്‌സീൻ വിതരണ റിഹേഴ്‌സൽ (ഡ്രൈ റൺ) പൂർണവിജയമായാൽ കുത്തിവയ്പ് ബുധനാഴ്ച ആരംഭിക്കാനാണ് തീരുമാനം. 5 കോടിയോളം ഡോസ് വാക്‌സീൻ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. അംഗീകാരം കിട്ടിയതിനാൽ ഉൽപാദനം ഇനിയും കൂട്ടും. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സീനായ കോവാക്‌സീന്റെ അപേക്ഷയും ഇന്നലെ വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നൽകിയില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷം ഇതിനും അനുമതി നൽകും.

ഒരു ഡസൻ രാജ്യങ്ങളിൽ വിതരണം തുടങ്ങിയ ഫൈസർ വാക്‌സീൻ ഇന്ത്യയിൽ അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ട്. ഇതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. അതിനിടെ ബ്രിട്ടനും യുഎസും ഉൾപ്പെടെ 12 രാജ്യങ്ങളിൽ വിതരണം തുടങ്ങിയ ഫൈസർ ബയോൺടെക് വാക്‌സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകാരം നൽകി. ഇതോടെ, ഈ വാക്‌സീന്റെ പരീക്ഷണമോ പരിശോധനയോ കൂടാതെ വിതരണ നടപടികളിലേക്കു കടക്കാൻ മറ്റു രാജ്യങ്ങൾക്കു സാധിക്കും.

ലോകത്ത് ആദ്യമായി വിതരണം തുടങ്ങിയ കോവിഡ് വാക്‌സീനാണിത്. ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ച ആദ്യ കോവിഡ് വാക്‌സീനും ഇതുതന്നെ. അതുകൊണ്ട് തന്നെ ഇന്ത്യയും ഇതിനെ അംഗീകരിക്കും. കേരളവും വാക്‌സിൻ വിതരണത്തിന് ഒരുങ്ങി കഴിഞ്ഞു. കേരളത്തിൽ ആദ്യ ഘട്ടത്തിൽ സർക്കാർസ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കാണു വാക്‌സീൻ നൽകുക. കേരളത്തിൽ ഈ വിഭാഗത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 3.13 ലക്ഷം പേർ.

കോവിഡ് പിടിപെടാൻ ഏറ്റവും സാധ്യതയുള്ള 30 കോടി ആളുകളെ സർക്കാർ മുൻഗണനാ വിഭാഗമായി നിശ്ചയിച്ചിട്ടുണ്ട്. അവർക്കായിരിക്കും ആദ്യം വാക്‌സീൻ നൽകുന്നത്. ആരോഗ്യപ്രവർത്തകർ, പൊലീസ്‌സേനാ, മുനിസിപ്പൽ ജീവനക്കാർ എന്നിങ്ങനെ കോവിഡ് മുന്നണിപ്പോരാളികൾ, 50 വയസ്സിനു മുകളിലുള്ളവർ, 50 വയസ്സിനു താഴെയുള്ള മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവർ..

കോവിഡ് വാക്‌സീൻ വിതരണത്തിനു മുന്നോടിയായി ഒരുക്കങ്ങൾ പൂർണ സജ്ജമാണോയെന്നു വിലയിരുത്താനുള്ള ഡ്രൈ റൺ (വാക്‌സീൻ റിഹേഴ്‌സൽ) ഇന്നു രാവിലെ 9 മുതൽ 11 വരെ 4 ജില്ലകളിലെ 6 ആശുപത്രികളിൽ നടക്കും. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണിത്. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ വീതം പങ്കെടുക്കും.

ഡ്രൈ റൺ നടക്കുന്ന ജില്ലകളും ആശുപത്രികളും: തിരുവനന്തപുരം (കാട്ടാക്കട പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ലാ മാതൃകാ ആശുപത്രി പേരൂർക്കട, കിംസ് ആശുപത്രി), ഇടുക്കി (വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം), പാലക്കാട് (നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം), വയനാട് (കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം) എന്നിവിടങ്ങളിലാണ് ഡ്രൈ റൺ.