ന്യൂഡൽഹി: സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവീഷീൽഡ് വാക്‌സീൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സിഇഒ അദാർ പൂനാവാല. ഇതോടെ പൊതു വിപണിയിലും വാക്‌സിൻ എത്തുമെന്ന് വ്യക്തമാകുകയാണ്. എന്നാൽ വിപണിയിൽ 500 രൂപയ്ക്ക് ഇത് നൽകാനുള്ള സാധ്യതയും ഉണ്ട്. ദിവസങ്ങൾക്കുള്ളിൽ വാക്‌സീൻ സർക്കാർ തലത്തിൽ വിതരണം തുടങ്ങും.

5 കോടി വാക്‌സീന് ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഓക്‌സ്ഫഡും അസ്ട്രാസെനകയും സംയുക്തമായി നിർമ്മിച്ച കോവീഷീൽഡ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. 'സൗദി ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായും ഞങ്ങൾക്ക് കയ്യൊപ്പുണ്ട്. എന്നാൽ ഇപ്പോൾ വാക്‌സീൻ കയറ്റുമതി നടത്തുന്നില്ല. കുറച്ച് ആഴ്ചകൾക്ക് ശേഷം കയറ്റുമതി അനുമതിക്കായി സർക്കാരിനെ സമീപിക്കുമെന്നും കമ്പനി വിശദീകരിക്കുന്നു.

68 രാജ്യങ്ങളിലേക്ക് വാക്‌സീൻ എത്തിക്കാൻ സാധിക്കും. സംസ്ഥാനങ്ങൾക്ക് വാക്‌സീൻ കൈപ്പറ്റാൻ കഴിയുന്നിടത്ത് അത് കമ്പനി എത്തിക്കും' പൂനാവാല പറഞ്ഞു. കോവീഷീൽഡ് വാക്‌സിൻ 500 രൂപ നിരക്കിൽ ലഭ്യമായേക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഡിസംബർ അവസാനവാരത്തോടെ വാക്‌സിൻ ഉപയോഗിക്കാനുള്ള അനുമതിലഭിക്കുന്ന സാഹചര്യത്തിൽ ജനുവരിയിൽ വാക്‌സിനേഷൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവിപണിയിൽ 1000 രൂപ നിരക്കിൽ നൽകാവുന്ന വാക്‌സിൻ സർക്കാർ കൂടുതൽവാങ്ങുന്ന സാഹചര്യത്തിൽ കുറഞ്ഞവിലയ്ക്കു ലഭ്യമാക്കാമെന്ന് അദ്ദേഹം നേരത്തെ സൂചന നൽകിയിരുന്നു.

വാക്‌സിന്റെ ഇന്ത്യയിലെ ഉപയോഗത്തിന് അടിയന്തര അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐ.ഐ.) ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.ജി.സിഐ.) അപേക്ഷ നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ പൊതുതാത്പര്യം കണക്കിലെടുത്ത് ക്രിസ്മസോടെ അനുമതി ലഭിച്ചേക്കുമെന്ന സാഹചര്യത്തിലാണ് 500-600 രൂപ നിരക്കിൽ ഇത് ലഭ്യമായേക്കുമെന്ന കാര്യം അദ്ദേഹം അറിയിച്ചത്.

ഇന്ത്യയിൽ മൂന്ന് വിഭാഗങ്ങളിലായി മുപ്പതുകോടി ആളുകൾക്ക് ആദ്യഘട്ടത്തിൽ വാക്‌സീൻ നൽകും. ആദ്യപരിഗണന ആരോഗ്യപ്രവർത്തകർക്കെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ഇതിനായി സംസ്ഥാനങ്ങളുമായി ആലോചിച്ച് വാക്‌സീൻ വിതരണപദ്ധതി തയാറാക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ചാണ് ഭാരത് ബയോടെക് തദ്ദേശീയ കോവിഡ് വാക്‌സീനായ കോവാക്‌സീൻ വികസിപ്പിച്ചത്. നേരത്തെ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസറും രാജ്യത്ത് കോവിഡ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു. ഇതിൽ നിന്നാണ് സീറത്തെ തെരഞ്ഞെടുത്തത്.

വിദേശത്ത് ഓക്‌സ്ഫഡ് വാക്‌സീന്റെ പ്രാഥമിക പരീക്ഷണ ഫലം 70 ശതമാനം കാര്യക്ഷമതയായിരുന്നു. ഇന്ത്യയിലെ പരീക്ഷണത്തിന്റെ വിലയിരുത്തൽ പുറത്തുവന്നിട്ടില്ല. വിശദമായ റിപ്പോർട്ട് പുറത്തുവരാൻ അടുത്തമാസമെങ്കിലും ആകും. അതിനുമുൻപ് പ്രാഥമിക ഫലം വിലയിരുത്തി വാക്‌സീൻ അടിന്തരഉപയോഗത്തിന് അനുവദിക്കണമെന്നാണ് ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇത്തരത്തിൽ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ച ആദ്യ ഇന്ത്യൻ കമ്പനിയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്.

അമേരിക്കൻ കമ്പനിയായ ഫൈസറും കോവിഡ് വാക്‌സീന് ഇന്ത്യയിൽ അനുമതി തേടിയിരുന്നു. എന്നാൽ, ഫൈസറിന്റെ വാക്‌സീൻ വളരെയധികം താഴ്ന്ന താപനിലയിൽ മാത്രമേ സൂക്ഷിക്കാനാകൂ എന്നതുകൊണ്ട് തന്നെ നിലവിൽ പ്രാവർത്തികമല്ല. ഫ്രിഡ്ജിലെ താപനിലയിൽ സൂക്ഷിക്കാമെന്നതാണ് കോവീഷീൽഡ് വാക്‌സീന്റെ ഗുണം.