- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വയം നിയന്ത്രണം വേണമെന്ന ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവില; ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എങ്ങും തിരക്ക്; ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തള്ളൽ; വസ്ത്ര കടകളും സ്വർണ്ണ കടകളും സജീവതയിലേക്ക്; ഗൃഹോപകരണങ്ങൾ വാങ്ങുന്നവരും ഏറെ; കോവിഡിനെ മറന്ന് മലയാളികൾ പുറത്തേക്ക്
കൊച്ചി: കോവിഡിന്റെ ബ്രിട്ടീഷ് വെർഷൻ എത്തിയെന്നും എല്ലാവരും സ്വയം ലോക് ഡൗണിലേക്ക് പോകണമെന്നുമുള്ള ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വാക്കുകൾക്ക് മലയാളി കൊടുക്കുന്നത് പുല്ലുവില. ബ്രിട്ടണിൽ പുതിയ വൈറസ് അതിവേഗം പടരുകയാണ്. ദിവസവും അമ്പതിനായിരത്തിൽ അധികം പേർക്ക് രോഗമെത്തുന്നു. ഈ സാഹചര്യത്തിലാണ് അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങണമെന്ന് ആരോഗ്യ മന്ത്രി ആവശ്യപ്പെടുന്നത്. എന്നാൽ മലയാളി അടിച്ചു പൊളിയിലാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മുറികൾ ഒഴിവില്ല, റസ്റ്ററന്റുകളിൽ കസേര കിട്ടാൻ കാത്തിരിക്കണം, തുണിക്കടകളിലും ഗൃഹോപകരണ കടകളിലും തിരക്കായി.
ക്രിസ്മസ് അവധിക്ക് തുടങ്ങിയ അടിച്ചു പൊളി ഇപ്പോഴുംതുടരുന്നു. സ്‌കൂളും കോളജും തുറക്കുകയും ഡിസംബറിലെ വിവാഹ സീസൺ വരികയും ചെയ്തതോടെ തുണിക്കടകളിലും തിരക്കായി. ആഡംബര വസ്ത്രങ്ങളുടെ വിൽപ്പന പുനരാരംഭിച്ചു. പക്ഷേ വിവാഹങ്ങളിൽ ക്ഷണിതാക്കൾ കുറവായതിനാൽ വസ്ത്രവിൽപ്പന ഇപ്പോഴും കുറവ്. ഗൃഹോപകരണങ്ങളുടെ വിൽപ്പനയും തകൃതി. നഗരങ്ങളിലേയും പട്ടണങ്ങളിലേയും റസ്റ്ററന്റുകളിലും നല്ല തിരിക്കാണ്. തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ റസ്റ്ററന്റുകളിൽ ബിസിനസ് 100% കവിഞ്ഞു. റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങി വന്നു പോകുന്നവരെ ആശ്രയിച്ചിരുന്ന ബേക്കറികളിലൊഴികെ മറ്റെല്ലായിടത്തും വിൽപ്പന പഴയ നിലവാരത്തിലെത്തി.
കോവിഡ് മൂലം സ്വർണവിൽപ്പനയ്ക്ക് മൂന്ന് സീസണിൽ ഇടിവായിരുന്നുവിഷു, റമസാൻ, അക്ഷയതൃതീയ. പക്ഷേ ഡിസംബറിൽ വിൽപ്പന പഴയ നിലയിലേക്കു വന്നു. പക്ഷേ ആളുകൾ ഇതെല്ലാം വാങ്ങാൻ കടകളിലേക്ക് ഒഴുകിയെത്തുമ്പോൾ കോവിഡ് വ്യാപനത്തിന് സാധ്യത കൂടുകയാണ്. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിൽ കോവിഡ് വ്യാപനം വർധിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടും ചർച്ചകളിലുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 906 പേർ 60 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ വൈറസിനെ കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
നേരത്തേ കോവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് നിലവിൽ സ്ഥിതി ആശങ്കാജനകം. കഴിഞ്ഞ ആഴ്ച വയനാട്ടിലാണ് ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12.3 ശതമാനമായിരുന്നു വയനാട്ടിലെ പോസിറ്റിവിറ്റി നിരക്ക്. പത്തനംതിട്ടയിൽ ഇത് 11.6 ശതമാനവും എറണാകുളത്ത് ഇത് 10.6 ശതമാനവുമാണ്. പത്തനംതിട്ടയിൽ രണ്ടുശതമാനം വർധനവാണ് പോസിറ്റിവിറ്റി നിരക്കിലുണ്ടായത്.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായമടിസ്ഥാനമാക്കിയുള്ള കണക്കും റിപ്പോർട്ടിൽ ഉണ്ട്. പത്തുവയസ്സിന് ആറുകുട്ടികളും 11-20നും ഇടയിൽ പ്രായമുള്ള ഒമ്പതുപേരും 21-30 വയസ്സിനിടയിൽ പ്രായമുള്ള 35 പേരും, 31-40നും ഇടയിൽ പ്രായമുള്ള 77 പേരും 40-50നും ഇടയിൽ പ്രായമുള്ള 218 പേരും 51-60 നും ഇടയിൽ പ്രായമുള്ള 561 പേരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. 61-70 ഉം ഇടയിൽ പ്രായമുള്ള 966 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള 2210 പേരാണ് മരണത്തിന് കീഴടങ്ങിയത്. 95 ശതമാനം പേർക്കും മറ്റുഗുരുതര രോഗങ്ങൾ കൂടി ഉണ്ടായിരുന്നു. അതേസമയം റിവേഴ്സ് ക്വാറന്റീനിലെ വീഴ്ച കൂടി വ്യക്തമാക്കുന്നതാണ് നിലവിലെ കണക്കുകൾ.
മറുനാടന് മലയാളി ബ്യൂറോ