ഡാളസ്: ഡാളസ് കൗണ്ടിയിൽ കോവിഡ് 19 രോഗം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വീണ്ടും റിക്കാർഡ്. ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്ച 1206 രോഗികളെയാണ് ഈശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസങ്ങൾക്കുള്ളിൽ ആയിരത്തിലധികം പേരെയാണ് ദിവസേന ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്.

വെള്ളിയാഴ്ച 2387 പേർക്ക് ഡാളസ് കൗണ്ടിയിൽ കോവിഡ് 19 സ്ഥീരീകരിച്ചു. 21 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡാളസ് മേയർ എറിക് ജോൺസൺ പറഞ്ഞു. 2019 മാർച്ചിൽ രോഗം കണ്ടെത്തിയതിനുശേഷം ഡാളസ് കൗണ്ടിയിൽ 1,88,287 പേരാണ് രോഗബാധിതരായത്. 1756 പേർ കോവിഡ് 19-നെ തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.

ഡാളസിലെ 25 ആശുപത്രികളിലായി 4664 പേർ കോവിഡ് 19 ചികിത്സയിലാണ്. ഡാളസ് കൗണ്ടിയിലെ ആകെയുള്ള 888 ഐസിയു കിടക്കകളിൽ 742-ലും രോഗികൾ നിറഞ്ഞിരിക്കുന്നു. ഡാളസ് കൗണ്ടിയിൽ ഇതുവരെ മരിച്ച രോഗികളിൽ 20 വയസിനു താഴെയുള്ളവരും, 40-നും 60-നും ഇടയിലുള്ളവരും വർധിച്ചുവരുകയാണ്. 90-നു മുകളിൽ പ്രായമുള്ളവരുടെ സംഖ്യ പരിമിതമാണ്.

ജനുവരി, ഫെബ്രുവരി മാസങ്ങൾ വളരെ നിർണായകമാണെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് പറഞ്ഞു. കോവിഡ് വാക്സിൻ, ഹെൽത്ത് കെയർ ജീവനക്കാർക്കും, ഫ്രണ്ട്ലൈൻ വർക്കേഴ്സിനും കൊടുക്കുവാനുള്ള അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജഡ്ജി കൂട്ടിച്ചേർത്തു