കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്ത് കോവിഡ് 19 മഹാമാരി ആരംഭിച്ചതിനുശേഷം ആദ്യമായി ഏറ്റവും കൂടുതൽ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിൽ ജനുവരി ഒമ്പതാം തീയതി റിക്കാർഡ്. ഒറ്റ ദിവസം 695 പേർ ശനിയാഴ്ച മരിച്ചതായി കലിഫോർണിയ ഹെൽത്ത് അധികൃതർ അറിയിച്ചു. ഇതോടെ കലിഫോർണിയയിലെ കോവിഡ് മരണസംഖ്യ 29333 ആയി ഉയർന്നു.

ജനുവരി ഒമ്പതിന് ശനിയാഴ്ച സംസ്ഥാനത്ത് 52,636 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ശനിയാഴ്ച വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2621277 കവിഞ്ഞു. ആരോഗ്യവകുപ്പ് ജീവനക്കാരിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74589 ആണ്. 281 ആരോഗ്യ പ്രവർത്തകർക്ക് ഇതിനകം ജീവൻ നഷ്ടപ്പെട്ടിരുന്നു.

കോവിഡ് 19 രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 22,000 ആണ്. ഫെബ്രുവരിയോടെ ഇത് 30,000 ആയി ഉയരുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് വെബ്സൈറ്റ് പറയുന്നത്. കലിഫോർണിയ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളും മരണപ്പെടുന്നവരും ലോസ്ആഞ്ചലസ് കൗണ്ടിയിലാണ്.