വാഷിങ്ടൺ ഡിസി: അമേരിക്കയിൽ പ്രവേശിക്കുന്ന എല്ലാ അന്താരാഷ്ട്ര വിമാനയാത്രക്കാർക്കും ജനുവരി 26 മുതൽ കോവിഡ് 19 നെഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കിക്കൊണ്ട് സിഡിസി ഉത്തരവിറക്കി. ഇതു സംബന്ധിച്ച ഉത്തരവിൽ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് ഒപ്പുവച്ചു. വിമാനയാത്രയ്ക്ക് മുമ്പും അതിനുശേഷവും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നത് കോവിഡ് വ്യാപനം തടയുന്നതിനുവേണ്ടിയാണെന്നും ഡയറക്ടർ പറഞ്ഞു.

യുഎസിലേക്ക് വിമാനം കയറുന്നതിനു മുന്നു ദിവസം മുമ്പുവരെയുള്ള നെഗറ്റീവ് ഫലമാണ് കൈവശം വയ്ക്കേണ്ടത്. പരിശോധനാഫലം വിമാനത്താവള അധികൃതർക്ക് സമർപ്പിക്കേണ്ടതാണ്. അതോടൊപ്പം എയർലൈൻസ് യാത്രക്കാരുടെ കൈവശം നെഗറ്റീവ് റിസൾട്ട് ഉണ്ടോ എന്നു ഉറപ്പാക്കണം.

അമേരിക്കയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവരും കോവിഡ് നെഗറ്റീവ് പരിശോധനാഫലം കൈവശം വയ്ക്കേണ്ടതാണ്. മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള ദിവസങ്ങൾക്കുള്ളിലെ റിസൾട്ടാണ് സമർപ്പിക്കേണ്ടത്.

ജനിതകമാറ്റം വന്ന മാരക വൈറസുകൾ മറ്റു രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും ഇത് നിർബന്ധമാക്കിയതെന്നും സിഡിസി ഡയറക്ടർ പറഞ്ഞു.