ലോസ്ആഞ്ചലസ് : കലിഫോർണിയ സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ ലോസ്ആഞ്ചലസിൽ മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ജനുവരി 16 ശനിയാഴ്ച ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് ഒരു മില്യൻ കവിഞ്ഞു. കൗണ്ടിയിലെ മരണസംഖ്യ 13,741 ആയും ഉയർന്നിട്ടുണ്ട്.

ശനിയാഴ്ച മാത്രം 14669 കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ 1,003923 ആയി ഉയർന്നു. ഇന്ന് 253 മരണവും സംഭവിച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 7597 പേരിൽ 22 ശതമാനവും ഐസിയുവിലാണ്.

ലോസ്ആഞ്ചലസ് കൗണ്ടിയിൽ ശനിയാഴ്ച ആദ്യമായി യുകെ കൊറോണ വൈറസ് വകഭേദമായ ബി1.1.7 കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സാൻഡിയാഗോ, സാൻബർനാഡിനോ കൗണ്ടികളിൽ നേരത്തെ തന്നെ ഈ വൈറസ് കണ്ടെത്തിയിരുന്നു. വളരെ അപകടകരമായ ഈ വൈറസിനെതിരേ സിഡിസി മുന്നറിയിപ്പ് നൽകി. ലോസ്ആഞ്ചലസ് കൗണ്ടിയിൽ വരാനിരിക്കുന്നത് കറുത്ത ദിനങ്ങളാണെന്നും അവർ അറിയിച്ചു. കലിഫോർണിയ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്നുമില്യനോളം ആയി.