തിരുവനന്തപുരം: ഇന്നലെ രാജ്യത്ത് 9972 കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതിൽ 3346 പേരും കേരളത്തിൽ. അതായത് ആകെ കേസുകളിൽ നാലിൽ ഒന്നിൽ അധികം കേരളത്തിലാണ്. മഹാരാഷ്ട്രയിൽ 1924 രോഗികളും. ബാക്കിയെല്ലാ സംസ്ഥാനത്തും സ്ഥിതിഗതി നിയന്ത്രണ വിധേയമാണ്.

അകലം പാലിക്കുന്നതിൽ വീഴ്ച പറ്റിയതാണു കേരളത്തിൽ കോവിഡ് കേസുകൾ കാര്യമായി വർധിക്കാൻ കാരണമെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ്, ഉത്സവ സീസൺ എന്നിവ കേസുകൾ വർധിക്കാൻ ഇടയാക്കി. എത്രകാലം ഇത് കൂടുമെന്ന് കേന്ദ്രത്തിന് വ്യക്തതയില്ല. അതിനിടെ സംസ്ഥാനത്തെ കോവിഡ് കേസുകൾ ആയിരത്തിൽ താഴെ എത്താൻ ജൂലൈ വരെ കാക്കേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇതുകൂടി വിലയിരുത്തിയാവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക.

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു കേരളത്തിലാണ്. തൊട്ടുപിന്നിലുള്ള മഹാരാഷ്ട്ര. മറ്റു സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ ആയിരത്തിൽ താഴെയായിട്ട് ആഴ്ചകൾ കഴിഞ്ഞു. കർണാടക745, പശ്ചിമ ബംഗാൾ589, തമിഴ്‌നാട്589 എന്നിങ്ങനെയാണു യഥാക്രമം 3 മുതൽ 5 വരെ സ്ഥാനങ്ങളിലുള്ളത്. പ്രതിദിന മരണ നിരക്കിൽ മഹാരാഷ്ട്രയ്ക്കു താഴെ രണ്ടാം സ്ഥാനത്താണു കേരളം. കോവിഡ് മുക്തരാകുന്നവരുടെ എണ്ണം കൂടുതലായതിനാൽ ചികിത്സാസംവിധാനങ്ങൾ വെല്ലുവിളി നേരിടുന്നില്ല. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളതും കേരളത്തിലാണ്.

എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂർ 187, തൃശൂർ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസർഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 56 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂണെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,093 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 89,54,140 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3480 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ആന്റിജൻ പരിശോധനയിൽ ഉറച്ചു നിന്നതും ജനസാന്ദ്രതയുമാണു കേരളത്തെ വൈറസ് വ്യാപനത്തിൽ മുന്നിൽ നിർത്തുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. ആന്റിജൻ പരിശോധനയിൽ കൃത്യമായ ഫലം ലഭിക്കില്ല. നെഗറ്റീവ് ആകുന്നവരിൽ നല്ലൊരു ഭാഗം പോസിറ്റീവ് ആയിരിക്കും. അതറിയാതെ അവർ സമൂഹവുമായി ഇടപഴകുമ്പോൾ വൈറസ് വ്യാപനം ഉണ്ടാകും. മറ്റു സംസ്ഥാനങ്ങൾ കൂടുതൽ കൃത്യതയുള്ള ഫലം ലഭിക്കുന്ന ആർടിപിസിആർ പരിശോധനയിലാണു ശ്രദ്ധ നൽകുന്നത്. കേരളത്തിൽ ആകെ പരിശോധനയിൽ 20% മാത്രമേ ആർടി പിസിആർ ഉള്ളൂ. ഇപ്പോഴത്തെ പ്രതിദിന കണക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പറയുന്നു. ആകെ മരണനിരക്ക് ഉയരാത്തതു കേരളത്തിന്റെ നേട്ടമാണെന്നാണ് അവകാശ വാദം.

സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്‌പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851 പേർക്കാണ് രണ്ടാം ദിവസം വാക്സിനേഷൻ നൽകാൻ ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യം വച്ചവരിൽ 66.59 ശതമാനം പേരാണ് വാക്സിൻ സ്വീകരിച്ചത്. കോഴിക്കോട് ജില്ലയിൽ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയിൽ 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്. ചില ചെറിയ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവരുടെ വാക്സിനേഷൻ പൂർത്തിയായതിനാൽ ജില്ലകളുടെ മേൽനോട്ടത്തിൽ പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

രണ്ടാംദിവസവും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (657) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 530, എറണാകുളം 442, ഇടുക്കി 508, കണ്ണൂർ 643, കാസർഗോഡ് 476, കൊല്ലം 571, കോട്ടയം 500, കോഴിക്കോട് 652, മലപ്പുറം 656, പാലക്കാട് 657, പത്തനംതിട്ട 648, തിരുവനന്തപുരം 527, തൃശൂർ 616, വയനാട് 465 എന്നിങ്ങനെയാണ് രണ്ടാം ദിനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച 57 പേരും വാക്സിനെടുത്തു. ഇതോടെ ആകെ 16,010 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷൻ സ്വീകരിച്ചത്.

ആർക്കും തന്നെ വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പാർശ്വഫലങ്ങൾ എന്തെങ്കിലും ഉണ്ടായാൽ നേരിടാൻ അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (അറ്‌ലൃലെ ഋ്‌ലിെേ എീഹഹീംശിഴ കാാൗിശ്വമശേീി) കിറ്റും ആംബുലൻസ് സേവനവും ഉൾപ്പെടെയുള്ളവ സജ്ജമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് (തിങ്കളാഴ്ച) വാക്സിനേഷൻ കേന്ദ്രം തുടങ്ങി. ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രി, പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുന്നതാണ്.

വാക്സിനെ സംബന്ധിച്ചുള്ള ആശങ്കകൾ മാറ്റാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി.എസ്. ഇന്ദു, ശിശുരോഗ വിദഗ്ദ്ധൻ ഡോ. റിയാസ് എന്നിവരും എറണാകുളത്ത് ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരനും രണ്ടാം ദിവസം വാക്സിൻ എടുത്തു.