ഡാളസ്: കോവിഡ് മഹമാരി ആരംഭിച്ചതിനുശേഷം ഡാളസ് കൗണ്ടിയിൽ കോവിഡ് 19 ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിൽ സർവകാല റിക്കാർഡ്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 228 മരണം സംഭവിച്ചു. ഫെബ്രുവരി മൂന്നിനു വ്യാഴാഴ്ച 50 പേരാണ് ഡാളസ് കൗണ്ടിയിൽ മാത്രം കോവിഡ് 19 മൂലം മരിച്ചത്. 40 മുതൽ 100 വയസുവരെയുള്ളവരാണിവർ. ഫെബ്രുവരി രണ്ടാംതീയതി 39 മരണം സംഭവിച്ചു.

മരണനിരക്ക് കൂടിവരുന്നുണ്ടെങ്കിലും മാർച്ച് മാസത്തോടെ പാൻഡമിക്കിന്റെ ശക്തി കുറഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കോവിഡ് കൂടുതൽ ദുരന്തം വിതയ്ക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്നും ജഡ്ജി അറിയിച്ചു. ഡാളസ് കൗണ്ടിയിൽ ഇന്നു സ്ഥിരീകരിച്ച 1356 കേസുകളോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 262738 ആയി ഉയർന്നു. മരിച്ചവരുടെ എണ്ണം 2320 ആയും ഉയർന്നു.

ഡാളസ് കൗണ്ടിയിൽ കോവിഡ് 19 വാക്സിൻ വിതരണം ത്വരിതപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ 34165 പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞതായും, 9000 ഡോസ് വാക്സിൻ ഈയാഴ്ച ലഭിക്കുമെന്നും ജഡ്ജി പറഞ്ഞു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകൾ വൃത്തിയായി കഴുകുക എന്നത് തുടർന്നും പാലിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.