രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ പള്ളികളിൽ നിർത്തിവച്ചിരുന്ന മഗ് രിബ്, ഇശാ നമസ്‌കാരങ്ങൾ കൂടി പുനരാരംഭിച്ചു. ഇസ് ലാമിക സുപ്രീം കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. സുബ്ഹി, ദുഹ്ര്, അസ്ര് പ്രാർത്ഥനകൾ മുമ്പേ പുനരാരംഭിച്ചിരുന്നു.

പ്രാർത്ഥനക്കെത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകളെടുക്കണമെന്ന് അധിക്യതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ച ജുമുഅക്ക് ഇപ്പോഴും അനുമതി നൽകിയിട്ടില്ല. ഇത് കൂടാതെ 14 മുതൽ റസ്റ്റോറന്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുവാദം നല്കിയിട്ടുണ്ട്. ഒരു നേരത്ത് പരമാവധി 30 പേർക്കാണ് അനുമതിയുണ്ടാവുക. കോവിഡ് പ്രതിരോധത്തിനായുള്ള ദേശീയ പ്രതിരോധ സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുവാൻ അധികൃതർ തീരുമാനിച്ചത്. മാർച്ച് 14ന് ശേഷം ഇൻഡോർ ജിംനേഷ്യങ്ങളും നീന്തൽ കുളങ്ങളും തുറക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ അധ്യയനം തുടങ്ങുമെന്നും അധിക്യതർ അറിയിച്ചു.