ന്യുയോർക്ക്: അമേരിക്ക ഇതുവരെ കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും മോചിതമായിട്ടില്ലെന്നും പ്രതിദിനം 60,000 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ബ്രൗൺ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഇന്ത്യൻ അമേരിക്കൻ ആരോഗ്യവിദഗ്ധൻ ആശിഷ് ജാ വെർച്വൽ കോൺഫറൻസിൽ മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനത്തിനെതിരെ സ്വീകരിച്ചിരുന്ന നിയന്ത്രണങ്ങൾ മാറ്റേണ്ട സമയമായിട്ടില്ലെന്നും മാസ്‌ക്കും, സമൂഹിക അകലവും പാലിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.

ടെക്സസ്, മിസിസിപ്പി ഉൾപ്പെടെ പതിനാറോളം സംസ്ഥാനങ്ങളിൽ കോവിഡ് 19 നിയന്ത്രണം മാറ്റിയത്, വീണ്ടും രോഗവ്യാപനം അനിയന്ത്രിതമാക്കുമെന്നും കഴിയുമെങ്കിൽ വീടുകളിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയിൽ ഇതുവരെ 50 മില്യൻ പേർക്ക് കോവിഡ് വാക്സീൻ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട് എന്നത് നിയന്ത്രണങ്ങളിൽ ഒഴിവു വരുത്തുന്നതിനുള്ള കാരണമായി പരിഗണിക്കാനാവില്ല. കൊറോണ വൈറസിനേക്കാൾ മാരകശക്തിയുള്ള ബി 117 വേരിയന്റ് യുകെയിൽ നിന്നും അമേരിക്കയിലെത്തിയിട്ടുള്ളത് 20 മുതൽ 30 ശതമാനം വരെ പുതിയ രോഗികളെ സൃഷ്ടിക്കുന്നു. മാർച്ച് മാസാവസാനം ഇതു വർധിക്കാനാണ് സാധ്യത.

ഇതുവരെ അമേരിക്കയിൽ ലഭ്യമായിട്ടുള്ള ഫൈസർ, മൊഡാർണ, ജോൺസൻ ആൻഡ് ജോൺസൺ വാക്സിനുകൾ പുതിയ വേരിയന്റിനെ എങ്ങനെ പ്രതിരോധിക്കുമെന്നത് പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല. അതോടൊപ്പം പൂർണ്ണമായും രണ്ടു ഡോസ് വാക്സീൻ ലഭിച്ചവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗവ്യാപനം ഉണ്ടാകുമോ എന്നതിനും കാര്യമായ തെളിവുകൾ ഇല്ല. ബൈഡന്റെ ഭരണത്തിൽ കോവിഡിനെ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നുവെന്നതു മാത്രമാണ് അൽപം ആശ്വാസം നൽകുന്നത്.