ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം വ്യാപന ഭീതിയിൽ രാജ്യം. കേരളത്തിൽ ഇപ്പോൾ രോഗ വ്യാപനം കണക്കുകളിൽ കുറവാണ്. എന്നാൽ പരിശോധന വളരെ കുറവാണ് ഇവിടെ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും രോഗ വ്യാപനം കേരളത്തിലും കൂടുതലാകാൻ സാധ്യത ഏറെയാണ്. കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ ചില സംസ്ഥാനങ്ങളിൽ പലവട്ടം കോവിഡ് ഏറിയും കുറഞ്ഞും വന്നിരുന്നു. എന്നാൽ, രാജ്യത്താകെ കോവിഡ് കാര്യമായി കുറഞ്ഞശേഷം വൻ വർധനയുണ്ടായതു പരിഗണിക്കുമ്പോൾ, നിലവിലേതു രണ്ടാം തംരഗമായി കരുതാമെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കാൻ ഇടയുള്ളത്. വാക്‌സിനേഷൻ തുടങ്ങിയ ശേഷവും കോവിഡിന് ശമനമില്ലെന്നതാണ് വസ്തുത.

രാജ്യത്തു പ്രതിദിന കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന രേഖപ്പെടുത്തുകയാണ്. ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 46,951 പുതിയ കേസുകൾ. മരണം 212. രണ്ടാഴ്ചയ്ക്കിടെ മരണം ഇരട്ടിയോളമായി. 30,535 കേസുകളുമായി മഹാരാഷ്ട്രയിലാണ് അതിരൂക്ഷം. ഞായറാഴ്ച ഇവിടെ 99 പേർ മരിച്ചു. കേരളത്തിൽ കോവിഡ് കുറയുന്നതിന്റെ സൂചനയുള്ളപ്പോൾ പഞ്ചാബ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വൈറസ് കുതിക്കുകയാണ്. മഹാരാഷ്ട്രയിൽ 13.93% ആണ് സ്ഥിരീകരണ നിരക്ക്.

കേരളത്തിൽ പരിശോധനകളുടെ എണ്ണം കുറവാണ് ഇപ്പോൾ. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സ്ഥിതി രൂക്ഷമാകാനും സാധ്യതയുണ്ട്. റാലികളും പ്രചരണങ്ങളും മറ്റും വ്യാപന തോത് കൂട്ടിയാൽ കേരളവും വീണ്ടും പ്രതിസന്ധിയിലാകും. മഹാരാഷ്ട്ര അടക്കം സമ്പൂർണ്ണ ലോക്ഡൗണിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. അത്രയേറെ രൂക്ഷമാണ് കാര്യങ്ങൾ. വീണ്ടും പുതിയ ആശുപത്രികൾ തുറക്കുകയാണ് മഹാരാഷ്ട്രയിൽ. കേന്ദ്രവും വെല്ലുവിളിയെ നേരിടാൻ സജ്ജമാണ്. വാക്‌സിനേഷൻ അതിവേഗത്തിലാക്കാനാണ് തീരുമാനം.

കോവിഡിനെതിരെ സമൂഹത്തിനു മൊത്തത്തിൽ പ്രതിരോധ ശേഷി ലഭിക്കുന്ന ഘട്ടത്തിലേക്ക് (ഹേഡ് ഇമ്യൂണിറ്റി) രാജ്യം കടന്നിരുന്നുവെന്ന വാദം ശരിയല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിൽ 56% പേർക്കു കോവിഡ് വന്നുപോയതായി അഞ്ചാം സെറോ റിപ്പോർട്ടിലുണ്ടായിരുന്നു. പിന്നാലെ, കോവിഡ് കേസുകൾ കുറഞ്ഞത് കൂട്ടപ്രതിരോധ സൂചനയെന്നായിരുന്നു വിലയിരുത്തൽ. ഡൽഹിയിൽ ഉൾപ്പെടെ ഒരു മാസത്തിനിടെ കേസുകൾ ഇരട്ടിയായതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.

കൂട്ടപ്രതിരോധത്തിലേക്ക് അടുക്കുന്നുവെന്ന വാദം നേരത്തെ സർക്കാർ വൃത്തങ്ങളും ഒരുവിഭാഗം വിദഗ്ധരും ശരിവച്ചിരുന്നു. വ്യാപനം അവസാനത്തിലാണെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ പറയുകയും ചെയ്തു. കൂട്ടപ്രതിരോധം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ മുന്നോട്ടുപോകാനാകില്ലെന്നും പതിവു മാർഗങ്ങളും വാക്‌സീനും തുടരുക മാത്രമാണ് വഴിയെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാഗർവ് പറഞ്ഞു.